മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ ശകാരം

single-img
15 November 2017

തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നതിലുള്ള അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. മന്ത്രിമാര്‍ ക്യാബിനറ്റ് യോഗത്തില്‍ നിന്ന് വിട്ടു നിന്നത് അസാധാരണ സംഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭായോഗം നടക്കുന്നതിനിടെ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഒരു കത്ത് കൊടുത്തയച്ചിരുന്നു. തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് തങ്ങളുടെ പാര്‍ട്ടി നിലപാടെടുത്തിട്ടുണ്ടെന്നും അതിനാല്‍ പങ്കെടുക്കുന്നില്ലെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

തീര്‍ത്തും അസാധാരണമായ കാര്യമാണിത്. ഒരുതരത്തിലും മന്ത്രിസഭാ യോഗത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. അത് അവരുടെ പാര്‍ട്ടി നിലപാടാണ്. അത് ശരിയാണോ എന്ന് അവരോട് ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതുകൊണ്ട് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായി എന്നു കരുതാനാവില്ല.

ഏത് പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനും തീരുമാനമെടുക്കാനുമുള്ള വേദിയാണ് മന്ത്രിസഭാ യോഗമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യാന്‍ കൂടിയാണ് മന്ത്രിസഭ ചേരുന്നത്. അങ്ങനെയൊരു സാഹചര്യത്തില്‍ സി.പി.ഐ മന്ത്രിമാര്‍ പങ്കെടുക്കാതിരുന്നത് ഗൗരവകരമാണ് മുഖ്യമന്ത്രി പറഞ്ഞു.

തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതില്‍ തെറ്റില്ല. മന്ത്രിയുടെ രാജിക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ച ആയില്ലെന്നും പിണറായി പറഞ്ഞു. ഇക്കാര്യം നേരത്തെ എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിരുന്നു. വിഷയം സംബന്ധിച്ചു മുഖ്യമന്ത്രി തീരുമാനമെടുക്കുക, തോമസ് ചാണ്ടിയുടെ പാര്‍ട്ടിയെന്ന നിലയ്ക്ക് എന്‍സിപിയുടെ നിലപാട് അറിയുക എന്നീ രണ്ടു നിര്‍ദേശങ്ങളാണ് അന്നു യോഗത്തില്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതിന്റെ ഇടയ്ക്കാണു ഹൈക്കോടതിയുടെ വിമര്‍ശനം വരുന്നത്. ആ സാഹചര്യത്തില്‍ എന്‍സിപിയുടെ നേതൃത്വവുമായി ഇന്നു രാവിലെ സംസാരിച്ചു. തോമസ് ചാണ്ടിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരനുമായി വിശദമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വവുമായി ചര്‍ച്ച ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അത് അംഗീകരിച്ചു. ഇന്നു രാവിലെ തന്നെ ചര്‍ച്ച നടത്തി എന്‍സിപി നേതൃത്വം കാര്യങ്ങള്‍ അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.