ജിഷ്ണു കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം: ‘ഗൗരവമുള്ള കേസില്‍ പോലീസ് ഇങ്ങനെയാണോ പെരുമാറുന്നത്’

single-img
15 November 2017

ഡല്‍ഹി: ജിഷ്ണു പ്രണോയ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇത്രയും സുപ്രധാന കേസില്‍ പോലീസ് ഇങ്ങനെയാണോ പെരുമാറുന്നതെന്ന് സുപ്രീം കോടതി ആരാഞ്ഞു. കേസ് അന്വേഷിക്കാന്‍ പൊലീസിന് താല്‍പര്യമില്ലേയെന്നും കോടതി ചോദിച്ചു.

ജിഷ്ണു കേസിന്റെ കേസ് ഡയറി നാളെത്തന്നെ ഹാജരാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കേസ് ഡയറി ഹാജരാക്കാന്‍ വെള്ളിയാഴ്ച വരെ സാവകാശം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി.

ജിഷ്ണു കേസ് സിബിഐക്ക് വിടണമെന്ന അമ്മ മഹിജയുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.
കേസ് ഏറ്റെടുക്കാനാവില്ലെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ സിബിഐ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് ഏറ്റെടുക്കുന്ന വിഷയത്തില്‍ മറുപടി നല്‍കാന്‍ വൈകിയ സിബിഐയെ രൂക്ഷമായ ഭാഷയിലായിരുന്നു കോടതി വിമര്‍ശിച്ചത്.