ഐഎഫ്എഫ്‌കെയുടെ തുടക്കത്തില്‍ തന്നെ കല്ലുകടി

single-img
15 November 2017

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) ഡലിഗേറ്റ് പാസിനുള്ള രജിസ്‌ട്രേഷനുവേണ്ടി ചലച്ചിത്രപ്രേമികള്‍ ഇനിയും കാത്തിരിക്കണം. ചലച്ചിത്രമേളയ്ക്കുള്ള ഡലിഗേറ്റ് റജിസ്‌ട്രേഷന്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ അവസാനിപ്പിച്ചു.

ഡിസംബര്‍ 8 മുതല്‍ 15 വരെ തിരുവനന്തപുരത്തു നടക്കുന്ന ചലച്ചിത്രമേളയ്ക്കുള്ള ഡലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 13 മുതല്‍ 15 വരെയായിരുന്നു. എന്നാല്‍ പാസ് അനുവദിച്ചിട്ടുള്ളതിനേക്കാളും ഏറെ പേര്‍ അക്കാദമിയുടെ വെബ്‌സൈറ്റില്‍ എത്തിയതോടെ ഉച്ചയോടെ തന്നെ റജിസ്‌ട്രേഷന്‍ അവസാനിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള 1000 പാസുകളുടെ രജിസ്‌ട്രേഷനും കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.

500 രൂപയായിരുന്നു വിദ്യാര്‍ഥികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഫീസ്. ഡെലിഗേറ്റ് പാസിന് 650 രൂപയും. കഴിഞ്ഞ വര്‍ഷം യഥാക്രമം ഇത് 300ഉം 500ഉം രൂപയായിരുന്നു. 13ന് രാവിലെ എട്ടുമണിയോടെയാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ചലച്ചിത്ര പ്രേമികളുടെ തിരക്കുമൂലം അക്കാദമിയുടെ വെബ്‌സൈറ്റും ഇടയ്ക്ക് തകരാറിലായിരുന്നു. പ്രശ്‌നം പരിഹരിച്ച് രജിസ്‌ട്രേഷന്‍ പുനരാരംഭിച്ചെങ്കിലും വളരെ പെട്ടെന്നു തന്നെ അനുവദിച്ച പരിധിയും കടന്ന് ഡെലിഗേറ്റുകള്‍ എത്തുകയായിരുന്നു.

അതേസമയം 5500 പാസുകള്‍ വിതരണം ചെയ്തതായി അക്കാദമി അറിയിച്ചു. ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്തു നടക്കുന്ന ചലച്ചിത്രമേളയില്‍ ചലച്ചിത്രടിവി പ്രവര്‍ത്തകര്‍ക്കും, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് ഇനിയും പാസ് അനുവദിക്കുക. തുടര്‍ന്ന് ബാക്കിയുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്കു നല്‍കാനാണു തീരുമാനം.

അതേസമയം ഇത്തവണ തറയില്‍ ഇരുന്നോ നിന്നോ സിനിമ കാണാന്‍ അനുവദിക്കില്ലെന്ന് അക്കാദമി വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലും തിയറ്ററുകള്‍ മുന്നോട്ടുവെച്ച നിബന്ധന പ്രകാരവും സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ചു മാത്രമേ തിയറ്ററുകളില്‍ പ്രവേശനം അനുവദിക്കൂ.

14 തിയറ്ററുകളിലായി ഇത്തവണ 8048 സീറ്റുകളുണ്ട്. പൊതുവിഭാഗത്തില്‍ 7000, വിദ്യാര്‍ഥികള്‍ക്കും സിനിമ, ടിവി പ്രഫഷണലുകള്‍ക്കും 1000 വീതവം, മീഡിയയ്ക്കും ഫിലിം സൊസൈറ്റി അംഗങ്ങള്‍ക്കും 500 വീതം എന്നിങ്ങനെയാണ് പാസ് നിശ്ചയിച്ചിരിക്കുന്നത്.

നവംബര്‍ 10 മുതല്‍ 12 വരെയായിരുന്നു വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍. ഇനി സിനിമ, ടി.വി പ്രൊഫഷനലുകള്‍ക്ക് 16 മുതല്‍ 18 വരെയും ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്ക് 19 മുതല്‍ 21 വരെയും മീഡിയയ്ക്ക് 22 മുതല്‍ 24 വരെയും റജിസ്റ്റര്‍ ചെയ്യാം. ഓരോ വിഭാഗത്തിനും അനുവദിച്ച തീയതിക്കുള്ളില്‍ ഡെലിഗേറ്റ് ഫീ അടച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്.

കഴിഞ്ഞ വര്‍ഷവും രജിസ്‌ട്രേഷന്‍ സംബന്ധിച്ച് സമാനമായ പ്രശ്‌നങ്ങള്‍ ഡെലിഗേറ്റുകള്‍ നേരിട്ടിരുന്നു. അന്ന് ഡലിഗേറ്റ് പാസിന് ഒമ്പതിനായിരം പേരോളം റജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നു റജിസ്‌ട്രേഷന്‍ നിര്‍ത്തിവക്കുകയായിരുന്നു. എന്നാല്‍ അവരില്‍ നല്ലൊരു ശതമാനം ആളുകളും പണം അടച്ചു പാസ് ഉറപ്പുവരുത്തിയിരുന്നു. ശേഷിക്കുന്ന 1000 പാസിനു വേണ്ടി അക്കാദമി ഒരു ദിവസം പ്രത്യേക അവസരം ഒരുക്കുകയായിരുന്നു. മൊത്തം 13,000 പേര്‍ക്കാണ് കഴിഞ്ഞ തവണ പാസ് നല്‍കിയത്. എന്നാല്‍ ഇത്തവണ അത് പതിനായിരമാക്കി ചുരുക്കുകയായിരുന്നു.