നടന്‍ ദിലീപിനെ ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്യുന്നു

single-img
15 November 2017

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. കേസിലെ കുറ്റപത്രം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.

അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ദിലീപിനൊപ്പം മാനേജരായ അപ്പുണ്ണിയേയും ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയിട്ടുണ്ട്. കുറ്റപത്രം അവസാന ഘട്ടത്തിലാണെങ്കിലും ഇനിയും ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന നിലപാടിലാണ് പൊലീസ്.

ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം ദിലീപ് ചില സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനൊക്കെയുള്ള ഉത്തരം ദിലീപില്‍ നിന്നും തന്നെ തേടുന്നതിനായാണ് നടനെ വിളിച്ചു വരുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നടി ആക്രമിക്കപ്പെട്ട സമയത്ത് ദിലീപ് ചികിത്സയിലായിരുവെന്നായിരുന്നു മൊഴി. ചികിത്സാരേഖകളും ദിലീപ് ഹാജരാക്കിയിരുന്നു. കൂടാതെ പൊലീസ് ദിലീപിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഡോക്ടറുടെ മൊഴിയും ദിലീപിന്റെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.