നടി ദീപിക പദുക്കോണിനെതിരെ വാളെടുത്ത് സംഘപരിവാര്‍: ‘ദീപിക ഇന്ത്യക്കാരിയല്ല, ഡച്ചുകാരി’

single-img
15 November 2017

സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം പത്മാവതിയേയും നായിക ദീപിക പദുക്കോണിനേയും വീണ്ടും കടന്നാക്രമിച്ച് ബിജെപി. രാജ്യം പിന്നോട്ട് സഞ്ചരിക്കുകയാണെന്ന ദീപികയുടെ പരാമര്‍ശമാണ് ബിജെപിയെ ചൊടിപ്പിച്ചിരിക്കുന്നത്. ദീപിക ഇന്ത്യക്കാരിയല്ലെന്ന പ്രകോപനവുമായാണ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത്.

പ്രമുഖ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ദീപിക ഡച്ചുകാരിയാണെന്നും സ്വാമി വിളിച്ചുപറഞ്ഞു. ട്വിറ്ററിലും സ്വാമി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അധ:പതനത്തെ കുറിച്ചാണ് ദീപിക ഭാരതീയര്‍ക്ക് ക്ലാസെടുക്കുന്നത്. ദീപികയുടെ കാഴ്ചപ്പാടില്‍ നിന്നും പിന്നോട്ട് പോയാല്‍ മാത്രമെ രാജ്യത്തിന് പുരോഗതി നേടാനാവൂ എന്നായിരുന്നു സ്വാമി ട്വിറ്ററില്‍ കുറിച്ചത്.

പത്മാവതിക്കെതിരെ വലിയ എതിര്‍പ്പാണ് ബിജെപി പ്രകടിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ പോലും ആക്രമിക്കപ്പെടുകയാണ്. അതിനിടെ ചിത്രത്തില്‍ അഭിനയിച്ചവരുടേയും പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുടേയും മതവും ജാതിയും ജനന സ്ഥലവും കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.

ജിഎസ്ടിയേയും നോട്ടു നിരോധനത്തെയും വിമര്‍ശിച്ചതിന് ആറ്റ്‌ലി സംവിധാനം ചെയ്ത മെര്‍സലിനും സമാനരീതിയില്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. വിജയുടെ മതം വരെ തെരഞ്ഞു പിടിച്ചായിരുന്നു ബിജെപിയുടെ ആക്രമണം.