തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചു: ‘ഇറങ്ങിപ്പോകുന്നതാണ്’ നല്ലതെന്ന് മറ്റുമന്ത്രിമാര്‍

single-img
15 November 2017

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ ഉപാധികളോടെ രാജി സന്നദ്ധത അറിയിച്ചു. തല്‍ക്കാലത്തേക്ക് താന്‍ മാറി നില്‍ക്കാമെന്നും ആരോപണത്തില്‍ നിന്ന് മുക്തനായാല്‍ മന്ത്രിസ്ഥാനം തിരിച്ചു തരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മന്ത്രിസഭാ യോഗത്തില്‍ നിന്ന് പ്രതിഷേധസൂചകമായി വിട്ടുനില്‍ക്കുന്ന സിപിഐ മന്ത്രിമാരെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഏറെ നാള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ പാര്‍ട്ടിയുടെ അനുമതി തേടിയിട്ടുണ്ടെന്നും സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായാല്‍ മന്ത്രിസ്ഥാനം തിരികെ നല്‍കണമെന്ന് തോമസ് ചാണ്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

അതേസമയം, തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് മന്ത്രിസഭായോഗത്തില്‍ ഭൂരിഭാഗം മന്ത്രിമാരും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തീരുമാനം വൈകരുത്. ഒരു മന്ത്രിയെച്ചൊല്ലി സര്‍ക്കാര്‍ ഒരു മാസമായി പ്രതിസന്ധിയിലാണെന്നു ജി. സുധാകരന്‍ പറഞ്ഞു.

തോമസ് ചാണ്ടി വിചാരിച്ചാല്‍ ഒരു മിനിറ്റു കൊണ്ട് അത് ഒഴിവാക്കാം. തീരുമാനം വൈകരുതെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മന്ത്രി മാത്യു ടി. തോമസും സുധാകരനെ പിന്തുണച്ചു സംസാരിച്ചു. എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണോ എന്നു മുഖ്യമന്ത്രി ചോദിച്ചു. എന്നാല്‍ മന്ത്രിമാരില്‍ പലരും അഭിപ്രായം വ്യക്തമാക്കിയില്ല.

രാജി അനിവാര്യമാണെന്ന് ഇന്ന് രാവിലെ തോമസ് ചാണ്ടിയുമായി നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തത്കാലം മന്ത്രിസഭയില്‍ നിന്ന് മാറിനില്‍ക്കാമെന്ന് തോമസ് ചാണ്ടി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നുണ്ടായ അതിരൂക്ഷമായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി രാജിയുടെ അനിവാര്യത തോമസ് ചാണ്ടിയെ ധരിപ്പിച്ചത്.

തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലി ഇന്ന് രാവിലെ എല്‍ഡിഎഫില്‍ വലിയ പൊട്ടിത്തെറി തന്നെ ഉണ്ടായിരുന്നു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാത്ത മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

ആരോപണവിധേയനായ തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തങ്ങള്‍ പങ്കെടുക്കുന്നില്ലെന്ന നിലപാടായിരുന്നു സിപിഐയുടെ അഞ്ച് മന്ത്രിമാരും കൈക്കൊണ്ടത്. രാവിലെ മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ ഹൈക്കോടതി വിധിയുടെ പകര്‍പ്പ് പരിശോധിക്കാനുള്ള സാവകാശം തനിക്ക് നല്‍കണമെന്നും അതിന് ശേഷം തീരുമാനം അറിയിക്കാമെന്നുമായിരുന്നു തോമസ് ചാണ്ടി പറഞ്ഞത്.

ചര്‍ച്ചയില്‍ പങ്കെടുത്ത എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനും ഇതേ ആവശ്യം ഉന്നയിച്ചു. ഇത് മുഖ്യമന്ത്രി അംഗീകരിച്ചു. അതേസമയം, രാജിയുടെ അനിവാര്യത മുഖ്യമന്ത്രി ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് നിലപാട് വ്യക്തമാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. സിപിഐ മന്ത്രിമാരുടെ എതിര്‍പ്പ് തള്ളിയാണ് മുഖ്യമന്ത്രി തോമസ് ചാണ്ടിയെ യോഗത്തില്‍ പങ്കെടുപ്പിച്ചത്.