തോമസ് ചാണ്ടിയെ രാജിവെപ്പിച്ചത് തങ്ങളെന്ന് ഏഷ്യാനെറ്റും മാതൃഭൂമിയും: ‘പിതൃത്വം’ ഏറ്റെടുക്കാന്‍ ചാനലുകാര്‍ തമ്മില്‍ അടി

single-img
15 November 2017

തിരുവനന്തപുരം: ഏറെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടിയുടേയും മുന്നണിയുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തോമസ് ചാണ്ടി ഇന്നുച്ചയോടെയാണ് രാജിവച്ചത്. തോമസ് ചാണ്ടി നിയമലംഘനം നടത്തിയ സംഭവങ്ങള്‍ തെളിവുകള്‍ സഹിതം ഏഷ്യാനെറ്റ്‌ന്യൂസ് ഒന്നിനുപിറകെ ഒന്നായി പുറത്ത് വിട്ടതോടെയാണ് മന്ത്രിക്ക് രാജിവെക്കേണ്ടി വന്നത്.

എന്നാല്‍ മന്ത്രി രാജിവെച്ചതോടെ ചാനലുകാര്‍ തമ്മിലുള്ള ഈഗോയും തുടങ്ങി. മാര്‍ത്താണ്ഡം കായല്‍ കയ്യേറിയ മന്ത്രിയുടെ രാജിക്ക് വഴിവെച്ചത് തങ്ങളുടെ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണെന്നാണ് മലയാളത്തിലെ പ്രമുഖ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസും മാതൃഭൂമിയും അഭിപ്രായപ്പെടുന്നത്.

തോമസ് ചാണ്ടിക്കെതിരായ വാര്‍ത്തകള്‍ ഏറ്റവും കൂടുതല്‍ ചെയ്ത, തങ്ങളാണ് മന്ത്രിയുടെ രാജിക്കു പിന്നിലെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ അവകാശ വാദം. എന്നാല്‍ കായല്‍ കയ്യേറ്റ വിഷയത്തില്‍ നിരന്തരം വാര്‍ത്തകള്‍ നല്‍കിയതും പ്രധാനപ്പെട്ട വാര്‍ത്തകള്‍ പ്രേക്ഷകരില്‍ ആദ്യം എത്തിച്ചതും തങ്ങളാണെന്ന് മാതൃഭൂമിയും അവകാശപ്പെടുന്നു.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന്റെ കയ്യേറ്റം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസാണ് നിരന്തരം വാര്‍ത്തകള്‍ നല്‍കിക്കൊണ്ടിരുന്നത്. വാര്‍ത്തയുടെ പേരില്‍ ചാനല്‍ ഓഫീസിനെതിരെയും ഏഷ്യാനെറ്റ് ലേഖകനെതിരെയും ആക്രമണവും ഉണ്ടായിട്ടുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കെയാണ് മാതൃഭൂമി പുതിയ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ ടിവി പ്രസാദ് എന്ന റിപ്പോര്‍ട്ടറാണ് തോമസ് ചാണ്ടിക്കെതിരായ വാര്‍ത്ത ആദ്യം പുറംലോകത്ത് എത്തിക്കുന്നത്. ഇതിനു പിന്നാലെ തുടര്‍ച്ചയായി ഫോളോ അപ് സ്റ്റോറികളും വന്നു. ഇതോടെയാണ് മന്ത്രിക്കെതിരെ അന്വേഷണം വരുന്നതും പിന്നീട് രാജിയിലേക്ക് കാര്യങ്ങള്‍ എത്തുന്നതും.

ഏഷ്യാനെറ്റിന്റെ യോര്‍ക്കറില്‍ തോമസ് ചാണ്ടിയുടെ കുറ്റി തെറിച്ചു: കളക്ടര്‍ ഔട്ട് വിളിച്ചെങ്കിലും മുഖ്യമന്ത്രി നോബോളാക്കി; ഒടുവില്‍ സിപിഐയുടെ അപ്പീലില്‍ നാണംകെട്ട് മന്ത്രി ക്രീസ് വിട്ടു; പ്രതിപക്ഷം ഗാലറിയിലിരുന്ന് കളികണ്ടു

തോമസ് ചാണ്ടി നിയമലംഘനം നടത്തിയ സംഭവങ്ങള്‍ തെളിവുകള്‍ സഹിതം ഏഷ്യാനെറ്റ്‌ന്യൂസ് ഒന്നിനുപിറകെ ഒന്നായി പുറത്ത് വിട്ടതോടെയാണ് മന്ത്രിക്ക് രാജിവെക്കേണ്ടി വന്നത്. മന്ത്രിക്കെതിരെ ആരോപണങ്ങള്‍ തുടങ്ങുന്നത് 2017 ആഗസ്ത് മാസം പകുതിയോടെ.

പ്രധാനമായും ഉയര്‍ന്നത് അഞ്ച് ആരോപണങ്ങള്‍. ഇതില്‍ മാത്തൂര്‍ ദേവസ്വം ഭൂമി ഇടപാട് ഒഴികെ മറ്റെല്ലാ ആരോപണങ്ങളിലും റവന്യുവിഭാഗം അന്വേഷണം നടത്തി മന്ത്രി കുറ്റക്കാരനെന്ന് കണ്ടെത്തി. എന്നാല്‍ നിയമലംഘനങ്ങള്‍ അംഗീകരിക്കാന്‍ സ്വാഭാവികമായും മന്ത്രി തോമസ്ചാണ്ടി തയ്യാറായില്ല.

റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ കളക്ടര്‍ ടിവി അനുപമ പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കി. പിന്നീട് ഒക്ടോബര്‍ 21 ന് അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ഇടതുമന്ത്രിസഭയുടെ അഭിമാന നിയമങ്ങള്‍ ഉള്‍പ്പടെ മന്ത്രി തോമസ്ചാണ്ടി ലംഘിച്ചെന്ന് ജില്ലാ കളക്ടര്‍ കണ്ടെത്തി. മുന്‍ കളക്ടര്‍ എന്‍ പത്മകുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളും നിയമങ്ങള്‍ അട്ടിമറിച്ചതും കണ്ടെത്തി.

എന്നാല്‍ ആരോപണം തെളിഞ്ഞാല്‍ പണിമതിയാക്കുമെന്നായിരുന്നു തോമസ് ചാണ്ടി പറഞ്ഞത്. മുഖ്യമന്ത്രിയും ആരോപണം രാഷ്ട്രീയ പ്രേരിതമാണ് എന്ന് പറഞ്ഞ് തോമസ് ചാണ്ടിയെ പിന്തുണച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നുണ്ടായ അതിരൂക്ഷമായ പരാമര്‍ശങ്ങളാണ് രാജി കൂടുതല്‍ അനിവാര്യമാക്കിയത്.

രാജിയൊഴിവാക്കാന്‍ അവസാന നിമിഷം വരെ ശ്രമിച്ചശേഷമാണ് തോമസ് ചാണ്ടി രാജിവച്ചത്. ഇന്ന് രാവിലെ എട്ടുമണിമുതല്‍ വളരെ നാടകീയത നിറഞ്ഞ സംഭവങ്ങള്‍ക്കായിരുന്നു തലസ്ഥാനം സാക്ഷ്യം വഹിച്ചത്. എട്ട് മണിക്ക് ക്ലിഫ് ഹൗസില്‍ തോമസ് ചാണ്ടുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

രാജി അനിവാര്യമാണെന്ന നിലപാട് മുഖ്യമന്ത്രി ഉയര്‍ത്തി. എന്നാല്‍ ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ് പരിശോധിക്കാനുള്ള സാവകാശം തോമസ് ചാണ്ടി തേടി. ദേശീയ നേതൃത്വവുമായി ആലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് ടിപി പീതാംബരനും വ്യക്തമാക്കി.

ഇതുകഴിഞ്ഞ് തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലി എല്‍ഡിഎഫില്‍ വലിയ പൊട്ടിത്തെറിയും ഉണ്ടായി. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാത്ത മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ആരോപണവിധേയനായ തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തങ്ങള്‍ പങ്കെടുക്കുന്നില്ലെന്ന നിലപാടായിരുന്നു സിപിഐയുടെ മന്ത്രിമാര്‍ കൈക്കൊണ്ടത്.

പക്ഷേ സിപിഐ മന്ത്രിമാരുടെ എതിര്‍പ്പ് തള്ളി മുഖ്യമന്ത്രി തോമസ് ചാണ്ടിയെ യോഗത്തില്‍ പങ്കെടുപ്പിച്ചു. എന്നാല്‍ തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് മന്ത്രിസഭായോഗത്തില്‍ ഭൂരിഭാഗം മന്ത്രിമാരും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തീരുമാനം വൈകരുതെന്നും പറഞ്ഞു.

പിന്നീട് തോമസ് ചാണ്ടിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന എന്‍ സി പി നേതൃയോഗത്തിലാണ് രാജിസംബന്ധിച്ച തീരുമാനം എടുത്തത്. മുന്നണിയെ മുഴുവന്‍ പിണക്കി മന്ത്രിസ്ഥാനത്ത് തുടരേണ്ടെന്ന നിലപാടാണ് എന്‍സിപി സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്.

അതേസമയം രാജി വൈകാന്‍, രാഷ്ട്രീയ കരുത്തിന്റെ പ്രതീകമായി ഇടതുപക്ഷം ഉയര്‍ത്തിക്കാട്ടുന്ന പിണറായി വിജയന്റെ മൃദുസമീപനമാണ് എന്ന് നേരത്തെ തന്നെ നിരീക്ഷിക്കപ്പെട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ട കോടതി വിമര്‍ശത്തിന് ശേഷം നേരം ഇരുട്ടി വെളുത്തിട്ടും തിടുക്കത്തില്‍ തോമസ് ചാണ്ടിക്ക് രാജിവക്കേണ്ടി വന്നില്ല എന്നത് ഈ വിമര്‍ശത്തെ ശരിവക്കുന്നതായിരുന്നു.

അതിനിടെ തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന ആവശ്യം എല്‍.ഡി.എഫില്‍ നിന്നുപോലും ഉയര്‍ന്നപ്പോള്‍ എന്തിനോ വേണ്ടിയുള്ള പടയൊരുക്കത്തിലാണ് പ്രതിപക്ഷ നേതാവും കൂട്ടരും എന്ന വിമര്‍ശനവും ഉയര്‍ന്നു. കോണ്‍ഗ്രസ് യൂത്തന്മാര്‍ അവിടിവിടൊക്കെ ചില അഭ്യാസങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും ഇങ്ങനെയൊക്കെ മതിയോ നമ്മുടെ പ്രതിപക്ഷം എന്നവരെ ചോദിച്ചുനാട്ടുകാര്‍. എന്തായാലും സിപിഐയുടെ നിലപാടാണ് ഒടുവില്‍ മന്ത്രിയുടെ രാജിയില്‍ കലാശിച്ചത്.

കുട്ടനാട്ടില്‍ കെ.എസ്.യു പ്രവര്‍ത്തകനായി രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ തോമസ്ചാണ്ടി പഠനശേഷം കുവൈത്തില്‍ ബിസിനസ് സാമ്രാജ്യം കെട്ടിയുയര്‍ത്തി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്വന്തം നാട്ടില്‍ ഒരു സ്ഥാപനം തുടങ്ങിയത്. ലേക് പാലസ് റിസോര്‍ട്ട്.

പക്ഷേ അതുവേണ്ടായിരുന്നുവെന്ന അനുഭവമാണ് അദ്ദഹേം തന്നെ പങ്കുവച്ചത്. കോണ്‍ഗ്രസിലായിരുന്ന തോമസ് ചാണ്ടി കെ.കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ കൂടെപ്പോയി. 2006ല്‍ ആദ്യമായി കുട്ടനാട്ടില്‍നിന്ന് എം.എല്‍എയായി. കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെങ്കിലും എന്‍സിപിയില്‍ തുടരാനായിരുന്നു തോമസ് ചാണ്ടിയുടെ തീരുമാനം. പിന്നെയും രണ്ടു തിരഞ്ഞെടുപ്പുകളില്‍ ഈ കുട്ടനാട്ടുകാരന്‍ നിയമസഭയിലെത്തി. എന്നാല്‍ ഈ ചെളിമണ്ണിലുയര്‍ത്തിയ അധികാര സ്വപ്നങ്ങള്‍ക്ക് അധിക ആയുസുണ്ടായില്ല.

എട്ടുമാസം തികയും മുമ്പാണ് രാജി. ആലപ്പുഴ കലക്ടര്‍ തയ്യാറാക്കിയ അന്തിമറിപ്പോര്‍ട്ടും മാധ്യമവാര്‍ത്തകള്‍ക്കെതിരായ മാനനഷ്ടക്കേസും ഉള്‍പ്പടെ നിയമപരമായ പോരാട്ടങ്ങള്‍ക്ക് പോര്‍മുഖം തുറന്നാണ് കേരളത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരന്‍ അധികാരക്കസേര വിട്ട് പുറത്തുപോകുന്നത്.