മന്ത്രി തോമസ് ചാണ്ടിക്ക് ഇന്ന് നിര്‍ണ്ണായക ദിനം

single-img
14 November 2017

കായല്‍കൈയേറ്റ വിഷയത്തില്‍ വിവാദക്കുരുക്കിലായ മന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ഇന്ന് നിര്‍ണായക ദിനം. രാജിക്കായി ഭരണപക്ഷത്തുനിന്നുതന്നെ സമ്മര്‍ദം മുറുകവെ, എന്‍.സി.പി. സംസ്ഥാന നിര്‍വാഹകസമിതി യോഗം ഇന്ന് ചേരും. കൈയേറ്റവിഷയത്തില്‍ മന്ത്രിക്കെതിരേ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളും ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും. കോടതിയില്‍നിന്ന് പ്രതികൂല പരാമര്‍ശമെന്തെങ്കിലും വന്നാല്‍ രാജിയല്ലാതെ മറ്റൊരു പോംവഴിയും ഉണ്ടാകില്ല.

മന്ത്രി രാജിവച്ചില്ലെങ്കില്‍ പിടിച്ച് പുറത്താക്കേണ്ടി വരുമെന്ന് വിഎസ് അച്യുതാനന്ദനും രാജിവെക്കണമെന്ന് പന്ന്യന്‍ രവീന്ദ്രനും പരസ്യമായി ആവശ്യപ്പെട്ട സാഹചര്യത്തില്‍ ചാണ്ടിയുടെ കാര്യത്തിലുള്ള തീരുമാനം ഇനിയും മുഖ്യമന്ത്രിക്ക് നീട്ടിക്കൊണ്ടുപോകാനാവില്ല.

മന്ത്രി തോമസ് ചാണ്ടിക്കെതിരായ നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇടതുമുന്നണി നേതൃത്വം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതിന് പിന്നാലെയാണ് എൻസിപി രാജിക്കാര്യം അ‍‍‍ജണ്ടയിലില്ലെന്ന് പ്രഖ്യാപിച്ചത്. ഇന്ന് കൊച്ചിയില്‍ നടക്കുന്ന എന്‍സിപി യോഗം മന്ത്രി തോമസ് ചാണ്ടിയെയും ഇടതുമുന്നണിയെയും സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്. രാജിയിപ്പോഴില്ലെന്ന് എന്‍സിപി നേതൃത്വം മുന്നണിയെ അറിയിച്ചാല്‍ മുഖ്യമന്ത്രി എന്ത് ചെയ്യുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്

മന്ത്രിയുടെ രാജിക്കാര്യത്തില്‍ കേന്ദ്രനേതൃത്വവുമായി ആലോചിച്ചശേഷം തീരുമാനം പറയാമെന്നാണ് ഇടതുയോഗത്തില്‍ എന്‍.സി.പി. നേതാക്കള്‍ അറിയിച്ചിട്ടുള്ളത്. അതുപ്രകാരം കേന്ദ്രത്തില്‍ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. എന്‍.സി.പി. രണ്ടുതട്ടില്‍ ചൊവ്വാഴ്ചത്തെ യോഗത്തില്‍ രാജിക്കാര്യം ചര്‍ച്ചയാക്കേണ്ടെന്നും അത് ചര്‍ച്ചചെയ്യാന്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറോ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലോ പങ്കെടുക്കുന്ന യോഗം വിളിക്കാമെന്നുമാണ് ദേശീയനേതൃത്വം അറിയിച്ചിട്ടുള്ളത്.