തോമസ് ചാണ്ടിക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം: ‘മന്ത്രിസഭാ തീരുമാനത്തെ മന്ത്രി ചോദ്യം ചെയ്യുന്നത് കേട്ടുകേള്‍വിയില്ലാത്തത്’

single-img
14 November 2017

കൊച്ചി: കായല്‍ കയ്യേറ്റ വിഷയത്തില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്തെ ഒരു മന്ത്രിക്ക് താന്‍ അംഗമായ സര്‍ക്കാരിനെതിരെ എങ്ങനെ ഹര്‍ജി നല്‍കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു.

മന്ത്രി ഹര്‍ജി ഫയല്‍ ചെയ്യുന്നത് അപൂര്‍വ്വമാണെന്നും ആദ്യം ഇക്കാര്യം വിശദീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. മന്ത്രിക്ക് ഹര്‍ജി നല്‍കാന്‍ കഴിയില്ല, ഒരു വ്യക്തിക്കേ ഹര്‍ജി നല്‍കാനാകൂ. ഹര്‍ജിയുടെ ആദ്യവരിയില്‍ പരാതിക്കാരന്‍ മന്ത്രി എന്ന് പറയുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇതിന് മറുപടി നല്‍കിയിട്ടു മതി മറ്റ് നടപടികളെന്നും കോടതി തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിവേക് തന്‍ഖയെ അറിയിച്ചു. കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് ചോദ്യം ചെയ്താണ് മന്ത്രി തോമസ് ചാണ്ടി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

തോമസ് ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസ് എംപിയും അഭിഭാഷകനുമായ വിവേക് തന്‍ഖയാണ് ഹാജരായിരിക്കുന്നത്. കെപിസിസിയുടെ അഭ്യര്‍ത്ഥന തള്ളിയാണ് തന്‍ഖ തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരായിരിക്കുന്നത്.

ഇതിനെതിരെ വന്‍പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഹോട്ടലില്‍ നിന്നും ഹൈക്കോടതിയിലേക്ക് പോകവെ തന്‍ഖയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കോടി കാണിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.