കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി; ചാണ്ടിക്കുവേണ്ടി വിവേക് തന്‍ഖ ഹാജരായി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

single-img
14 November 2017

കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കായി കോടതിയില്‍ ഹാജരാകുന്ന കോണ്‍ഗ്രസ് എംപിയും അഭിഭാഷകനുമായ വിവേക് തന്‍ഖയ്ക്കു നേരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഹോട്ടലില്‍ നിന്ന് കോടതിയിലേക്ക് പോകാനായി തന്‍ഖ ഇറങ്ങിയപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

എന്നാല്‍, ശക്തമായ പ്രതിഷേധങ്ങള്‍ വകവെക്കാതെ തന്‍ഖ ഹൈക്കോടതിയിലെത്തി. കോടതിയില്‍ ഹാജരാകരുതെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന തള്ളിയാണ് വിവേക് തന്‍ഖ എത്തിയിരിക്കുന്നത്. ഭൂമി കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തുമ്പോള്‍ അതേ പാര്‍ട്ടിയുടെ എം.പി മന്ത്രിക്കു വേണ്ടി ഹാജരാകുന്നതിനെതിരെ നേതാക്കള്‍ നേരത്തേ രംഗത്തു വന്നിരുന്നു.

കെ.പി.സി.സി അധ്യക്ഷന്‍ എം എം ഹസ്സന്‍ തന്‍ഖയെ ഫോണില്‍ വിളിച്ച് കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിയുമായി ഇതിന് ബന്ധമില്ലെന്നും അഭിഭാഷകന്‍ എന്ന നിലയില്‍ മാത്രമാണ് താന്‍ ഹാജരാകുന്നതെന്നും തന്‍ഖ അറിയിച്ചു.

വിവേക് തന്‍ഖയെ പിന്തിരിപ്പിക്കണമെന്ന് എ.ഐ.സി.സി.നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. തോമസ് ചാണ്ടിയുടെ സുഹൃത്തുകൂടിയായ വിവേക് തന്‍ഖ ഹൈക്കമാന്‍ഡിനെപ്പോലും അറിയിക്കാതെയാണ് ചാണ്ടിക്ക് വേണ്ടി ഹാജരാകുന്നത്. മധ്യപ്രദേശിലെ മുന്‍ അഡ്വക്കറ്റ് ജനറലാണ് തന്‍ഖ.