രാജ്യാന്തര ചലച്ചിത്രമേള ജൂറി തലവന്‍ സുജോയ് ഘോഷ് രാജിവച്ചു

single-img
14 November 2017

ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌ഐ)യില്‍നിന്നു ജൂറി അധ്യക്ഷസ്ഥാനം സംവിധായകന്‍ സുജയ് ഘോഷ് രാജിവച്ചു. സനല്‍കുമാര്‍ ശശിധരന്റെ ‘എസ് ദുര്‍ഗ’യും മറാത്തി സംവിധായകന്‍ രവി ജാദവിന്റെ ‘ന്യൂഡും’ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ചാണ് ജൂറി തലവന്റെ രാജി.

13 അംഗ ജൂറിയുടെ തലവനായിരുന്നു ഘോഷ്. ‘കഹാനി’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കുള്ള ചിത്രങ്ങളെല്ലാം തിരഞ്ഞെടുത്തത്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണു രാജിയെന്നു വ്യക്തമാക്കിയ ഘോഷ് പക്ഷേ, കൂടുതലൊന്നും പറയാന്‍ തയ്യാറായില്ല.

ജൂറി തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അംഗീകരിച്ചാണ് അന്തിമറിപ്പോര്‍ട്ട് പുറത്തിറക്കുന്നത്. തങ്ങളോടു ചര്‍ച്ച ചെയ്യാതെ രണ്ടു ചിത്രങ്ങളും മന്ത്രാലയം പിന്‍വലിച്ചതില്‍ ഏതാനും ജൂറി അംഗങ്ങള്‍ നേരത്തേത്തന്നെ പ്രതിഷേധം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ മന്ത്രാലയം ഇതിന്മേല്‍ നിശ്ശബ്ദത പാലിക്കുകയായിരുന്നു. അതിനിടെയാണു ഘോഷിന്റെ രാജി. ഒട്ടേറെ രാജ്യാന്തര ചലച്ചിത്രമേളകളില്‍ അംഗീകാരം നേടിയ ചിത്രമാണ് എസ് ദുര്‍ഗ. ആദ്യം നല്‍കിയ ‘സെക്‌സി ദുര്‍ഗ’ എന്ന പേരു വിവാദമായതിനെത്തുടര്‍ന്നാണു ‘എസ് ദുര്‍ഗ’യിലേക്കു മാറിയത്. നവംബര്‍ 20 മുതല്‍ 28 വരെയാണ് ഗോവയില്‍ മേളനടക്കുന്നത്.