കൂറുമാറ്റം സംശയിച്ച് ഉത്തരകൊറിയന്‍ സൈനികര്‍ സഹപ്രവര്‍ത്തകനെ വെടിവച്ചുവീഴ്ത്തി

single-img
14 November 2017

സോള്‍: കൂറുമാറ്റം സംശയിച്ച് സ്വന്തം സൈനികനെ ഉത്തരകൊറിയ വെടിവച്ച് വീഴ്ത്തി. പാന്‍മുന്‍ജോം പ്രവിശ്യയിലാണ് സംഭവം. സൈനികന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുകയാണെന്ന് സംശയിച്ച് സഹപ്രവര്‍ത്തര്‍ വെടിവച്ചതായാണ് റിപ്പോര്‍ട്ട്. മീറ്ററുകളുടെ വ്യത്യാസത്തില്‍ ഇരു കൊറിയകളുടെയും സെനികര്‍ നേര്‍ക്ക് നേര്‍ കാവല്‍ നില്‍ക്കുന്ന സ്ഥലമാണ് പാന്‍മുന്‍ജോം.

അമേരിക്കന്‍ നേതൃത്വത്തിലുള്ള ഐക്യരാഷ്ട്രസഭാ കമാന്‍ഡാണ് ഇവിടെ ഉത്തരകൊറിയയ്ക്ക് വേണ്ടി മേല്‍നോട്ടം നടത്തുന്നത്. വാഹനത്തിലെത്തിയ സൈനികന്‍ അതിര്‍ത്തിയില്‍ ദക്ഷിണകൊറിയന്‍ വശത്തേക്ക് തിരിഞ്ഞതോടെ സഹപ്രവര്‍ത്തകര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് ദക്ഷിണകൊറിയന്‍ വൃത്തങ്ങള്‍ പറയുന്നത്. തങ്ങളുടെ ഭാഗത്തുനിന്നോ യുഎന്‍സിയുടെ ഭാഗത്തുനിന്നോ വെടിയുതിര്‍ത്തിട്ടില്ലെന്നും ദക്ഷിണകൊറിയ വ്യക്തമാക്കി.

അതേസമയം വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ സൈനികനെ ദക്ഷിണകൊറിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തരകൊറിയന്‍ സൈനികര്‍ ഇങ്ങനെ ചേരിതിരിഞ്ഞ് ദക്ഷിണകൊറിയയിലേക്ക് പോവുന്നത് വളരെ അപൂര്‍വ്വമാണ്. രാജ്യത്തോട് അത്രയധികം കൂറ് പുലര്‍ത്തുന്ന വിശ്വസ്തരായ സൈനികരെയാണ് ഈ മേഖലയില്‍ ഉത്തരകൊറിയ വിന്യസിക്കാറുള്ളത്.

എന്നാല്‍, വെടിയേറ്റ സൈനികന്‍ പാന്‍മുന്‍ജോമില്‍ ചുമതലയിലുണ്ടായിരുന്ന ആളാണെന്ന് കരുതുന്നില്ലെന്നും താഴ്ന്ന സൈനികറാങ്കിലുള്ള വ്യക്തിയാണെന്നാണ് യൂണിഫോമില്‍ നിന്നും വ്യക്തമാകുന്നതെന്നും ദക്ഷിണകൊറിയ പറയുന്നു. അതേമയം സംഭവത്തെക്കുറിച്ച് ഉത്തരകൊറിയ ഇതുവരെയും പ്രതികരിച്ചിട്ടില്ല.