ക്ഷേത്രദര്‍ശനത്തെ പരിഹസിച്ച ബിജെപിക്ക് ചുട്ടമറുപടിയുമായി രാഹുല്‍ ഗാന്ധി

single-img
14 November 2017

ഗുജറാത്ത്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഗുജറാത്തിലെ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനെ പരിഹസിച്ച് ബിജെപി രംഗത്ത് എത്തിയിരുന്നു. അത്ര വലിയ ഭക്തനാണെങ്കില്‍ ഡല്‍ഹിയിലെ ക്ഷേത്രങ്ങളില്‍ എന്തുകൊണ്ട് പോകുന്നില്ല എന്നായിരുന്നു ബിജെപിയുടെ ചോദ്യം.

താന്‍ ശിവഭക്തനാണെന്ന മറുപടിയാണ് ഇതിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ നല്‍കിയത്. ‘താന്‍ ശിവ ഭക്തനാണ്. മറ്റുള്ളവര്‍ എന്തെങ്കിലും പറയെട്ട. താന്‍ വിശ്വസിക്കുന്ന സത്യം എന്നോടൊപ്പമുണ്ടെന്നും’ രാഹുല്‍ ഗാന്ധി പറഞ്ഞു.

സെപ്തംബറില്‍ ദ്വാരകയിലെ ദ്വാരകാധീശ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. ഗാന്ധിനഗറിലെ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ചുകൊണ്ടാണ് വടക്കന്‍ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനും രാഹുല്‍ തുടക്കമിട്ടത്.

ഇതോടെ, ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ഹിന്ദുത്വ വികാരം ഇളക്കി നേട്ടമുണ്ടാക്കാനാണ് രാഹുലിന്റെ ശ്രമം എന്നായി ബിജെപി. ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തില്‍ രാഹുല്‍ ഒരിക്കലെങ്കിലും പോയിട്ടുണ്ടോ എന്ന് ഗുജറാത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് ഭൂപേന്ദര്‍ യാദവ് പരിഹസിച്ചിരുന്നു.

രാഷ്ടീയസ്വാധീനം ഏറെയുള്ള പട്ടീദാര്‍ വിഭാഗത്തിന് പ്രധാനപ്പെട്ടതാണ് ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രം. പാടണിലെ വീര്‍ മേഘ്മായ, വാരണയിലെ ഖോദിയാര്‍ മാ, ബെചരജിയിലെ മാ ബഹൂചര്‍ എന്നീ ക്ഷേത്രങ്ങളില്‍ രാഹുല്‍ ഇന്ന് ദര്‍ശനം നടത്തി.