മൊത്തവില പണപ്പെരുപ്പം ആറ് മാസത്തെ ഉയര്‍ന്ന നിരക്കില്‍: വിലക്കയറ്റം അതിരൂക്ഷം

single-img
14 November 2017

മൊത്തവില പണപ്പെരുപ്പം ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍. പണപ്പെരുപ്പം സെപ്റ്റംബറില്‍ 2.60 ശതമാനമായിരുന്നത് ഒക്ടോബറില്‍ 3.59 ആയി കുതിച്ചുയര്‍ന്നു. ഉള്ളിയുടെയും പച്ചക്കറികളുടെയും വില വര്‍ദ്ധിച്ചതാണ് പണപ്പെരുപ്പം ഉയരാന്‍ പ്രധാനകാരണം.

ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ഒക്ടോബറില്‍ 4.30 ശതമാനത്തിലെത്തിയെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം സെപ്റ്റംബറില്‍ പച്ചക്കറിയുടെ വിലക്കയറ്റം 15.48 ആയിരുന്നെങ്കില്‍ ഒക്ടോബറില്‍ ഇത് 36.61 ശതമാനമായി ഉയര്‍ന്നു. വലിയ ഉള്ളിയുടെ വില 127.04 ശതമാനമായും മുട്ട, മാംസം, മത്സ്യം തുടങ്ങിയവയുടെ വില 5.67 ശതമാനമായും ഉയര്‍ന്നു.

അതേസമയം, നിര്‍മിത ഉത്പന്നങ്ങളുടെ പണപ്പെരുപ്പം 2.72ല്‍ നിന്ന് 2.62 ശതമാനമായി കുറയുകയും ഇന്ധന വിലക്കയറ്റം 9.01ല്‍ നിന്ന് 10.52 ശതമാനമായി കൂടുകയും ചെയ്തു.