ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

single-img
14 November 2017

മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എല്ലാ വശവും പരിശോധിച്ച ശേഷം തീരുമാനം കൈക്കൊള്ളാനാണ് ഞായറാഴ്ചത്തെ എല്‍ഡിഎഫ് യോഗം തീരുമാനിച്ചത്. എന്‍സിപിയുടെ നിലപാട് എന്താണെന്ന് അറിയണമെന്നും എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിച്ചിരുന്നു.

എന്‍സിപി ഇപ്പോള്‍ യോഗം ചേരുകയാണ്. കോടതിയുടെ തീരുമാനം വന്നിരിക്കുന്നു. അത് കൂടുതല്‍ പരിശോധിക്കേണ്ടതുണ്ട്. താന്‍ യാത്രയിലായതിനാല്‍ അതിനെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് എടുക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി

കളക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി രൂക്ഷമായ പരാമര്‍ശങ്ങള്‍ വാക്കാല്‍ നടത്തിയിരുന്നു. മന്ത്രി ദന്തഗോപുരത്തില്‍നിന്നു താഴെയിറങ്ങണമെന്ന് അഭിപ്രായപ്പെട്ട കോടതി സാധാരണക്കാരനെപ്പോലെ വിഷയത്തെ സമീപിക്കണമെന്നും പറഞ്ഞു.

ഹര്‍ജി പിന്‍വലിക്കാന്‍ അവസരം നല്‍കിയെങ്കിലും മുന്നോട്ടുപോകാന്‍ തന്നെയായിരുന്നു തോമസ് ചാണ്ടിയുടെ തീരുമാനം. ഇതേത്തുടര്‍ന്നു വീണ്ടും കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. പിന്നീടാണ് ഹര്‍ജി തള്ളിയത്.