അന്തരീക്ഷ മലിനീകരണം അപകട നിലയില്‍: ‘പ്രകൃതിയുടെ കനിവു കാത്ത്’ ഡല്‍ഹി: നിരവധി ട്രെയിനുകള്‍ റദ്ദാക്കി

single-img
14 November 2017

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അപകട നിലയില്‍. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ എ ക്യു ഐ ഇന്‍ഡക്‌സ് 460 യൂണിറ്റ് എന്ന അപകടകരമായ അളവിലെത്തി നില്‍ക്കുകയാണ്. ഗാസിയാബാദിലാണ് ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം.

പൊടിയും പുകയും ചേര്‍ന്ന് കലങ്ങിയ വായു ഉള്ളിലേക്കു വലിക്കുമ്പോള്‍ ശ്വാസംമുട്ടല്‍, കണ്ണെരിച്ചില്‍ എന്നിവ അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറയുന്നു. തണുപ്പ് കൂടിച്ചേര്‍ന്ന അന്തരീക്ഷത്തിലെ മലിനകണങ്ങള്‍ വലിച്ചെടുക്കുന്നതുമൂലം ശ്വാസകോശ അസുഖങ്ങള്‍ 30 ശതമാനം വരെ വര്‍ധിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുകമഞ്ഞ് മൂലം എട്ട് തീവണ്ടികളാണ് ഡല്‍ഹിയില്‍ റദ്ദാക്കിയത്. നിരവധി ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
പ്രശ്‌നപരിഹാരത്തിന് ഒറ്റമൂലികളില്ലെന്നിരിക്കേ, പ്രകൃതിയുടെ കനിവു കാക്കുകയാണ് ഡല്‍ഹി. ഒരു മഴ പെയ്താല്‍ പൊടിയും പുകയും അടങ്ങും.

വൈക്കോല്‍ കത്തിക്കുന്നതില്‍ നിന്നും കര്‍ഷകരെ വിലക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് ഹരിയാന ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് നല്‍കി. ഒറ്റ ഇരട്ട നമ്പര്‍ അടിസ്ഥാനത്തിലുള്ള വാഹന നിയന്ത്രണത്തിന്റെ നിബന്ധനകള്‍ സംബന്ധിച്ച് ഹരിത ട്രൈബ്യൂണല്‍ തീര്‍പ്പ് കല്‍പ്പിക്കട്ടേയെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.
പുക മഞ്ഞ് തുടരുകയാണെങ്കില്‍ കൃത്രിമ മഴ പെയ്യിപ്പിക്കാനുള്ള സാധ്യതയും ഡല്‍ഹി സര്‍ക്കാര്‍ തേടുന്നുണ്ട്.