പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ മുന്‍ സഹപാഠി തീവെച്ച് കൊലപ്പെടുത്തി

single-img
14 November 2017

ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ മുന്‍ സഹപാഠി തീവെച്ച് കൊലപ്പെടുത്തി. ചെന്നൈ ആദംബംക്കം സ്വദേശിനിയും എന്‍ജിനിയറുമായ എസ്.ഇന്ദുജയാണ് മരിച്ചത്. യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും ഗുരുതരമായ പൊള്ളലേറ്റു.

ഉടന്‍ ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബിരുദധാരിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; ഒരു മാസത്തിലേറെയായി യുവാവ് ഇന്ദുജയെ പ്രണയാഭ്യര്‍ഥനയുമായി ശല്യപ്പെടുത്തിയിരുന്നു.

എന്നാല്‍ തുടക്കം മുതല്‍ പെണ്‍കുട്ടി ഈ ആവശ്യം നിരസിച്ചു. എന്നാല്‍ തങ്ങള്‍ ഇരുവരും നാളുകളായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്നും യുവാവ് വീട്ടുകാരെ അറിയിച്ചു. ഈ ആവശ്യവുമായി യുവാവ് തിങ്കളാഴ്ച രാത്രി 8.45ഓടെ ഇന്ദുജയുടെ വീട്ടിലെത്തി.

യുവതിയോട് സംസാരിക്കണമെന്ന ഇയാളുടെ ആവശ്യം വീട്ടുകാര്‍ നിരസിച്ചു. പിന്നാലെ ഇയാള്‍ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഇന്ദുജയുടെ ശരീരത്തിലേക്ക് ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. സംഭവ സമയത്ത് ഇന്ദുജയുടെ പിതാവ് വീട്ടിലില്ലായിരുന്നു. ഇന്ദുജയുടെയും അമ്മയുടെയും സഹോദരിയുടെയും കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളാണ് ഇവരെ ആശുപത്രിയിലെത്തിയത്.