തോമസ് ചാണ്ടിയെ അയോഗ്യനാക്കേണ്ട സാഹചര്യമെന്ന് ഹൈക്കോടതി: ‘അധികാരത്തില്‍ തുടരാന്‍ കോടതിയെ കൂട്ടുപിടിക്കേണ്ട; മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടോ?’

single-img
14 November 2017

കായല്‍ കയ്യേറ്റ ആരോപണത്തില്‍ പിടിവള്ളി തേടി ഹൈക്കോടതിയെ സമീപിച്ച മന്ത്രി തോമസ് ചാണ്ടിക്കു അതിരൂക്ഷ വിമര്‍ശനം. സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കിയ തോമസ് ചാണ്ടിയെ നിശിതമായി വിമര്‍ശിച്ച കോടതി അധികാരത്തില്‍ തുടരാന്‍ കോടതിയെ കൂട്ടുപിടിക്കേണ്ടെന്ന് അഭിപ്രായപ്പെട്ടു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെതാണ് വിമര്‍ശനം.

കളക്ടര്‍ സര്‍ക്കാരിന്റെ ഭാഗമാണെന്നും കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിച്ചത് കടുത്ത തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. മന്ത്രിയെ അയോഗ്യനാക്കാവുന്നതിന്റെ മകുടോദാഹരണമാണ് ഈ സംഭവമെന്നും കോടതി വ്യക്തമാക്കി. മന്ത്രിയെ അയോഗ്യനാക്കാവുന്ന ഉചിതമായ സമയമാണിത്.

മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്റെ തെളിവാണ് സര്‍ക്കാരിനെതിരായ മന്ത്രിയുടെ ഹര്‍ജി. ചീഫ് സെക്രട്ടറി ഫയല്‍ ചെയ്യേണ്ട ഹര്‍ജി മന്ത്രിക്ക് എങ്ങനെ ഫയല്‍ ചെയ്യാനാകും. മന്ത്രി സര്‍ക്കാരിനെ വിശ്വാസത്തിലെടുത്തില്ല. മന്ത്രിയുടെ ഹര്‍ജിയെ അനുകൂലിച്ച സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു.

ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കാത്തത് ആശ്ചര്യമാണെന്ന് കോടതി കുറ്റപ്പെടുത്തി. തുടര്‍ന്ന് സര്‍ക്കാര്‍ നിലപാട് മാറ്റി. കളക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് മന്ത്രിതന്നെ കോടതിയെ സമീപിച്ചത് ശരിയല്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി കെവി സോഹന്‍ ബോധിപ്പിച്ചു.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് റിസോര്‍ട്ട് നിര്‍മാണത്തിന് നിലം നികത്തിയതില്‍ ക്രമക്കേട് ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. രാവിലെ ഹര്‍ജിയില്‍ വാദം തുടങ്ങിയതുമുതല്‍ തോമസ് ചാണ്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കോടതി നടത്തിയത്.

മന്ത്രിക്ക് എങ്ങനെ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാനാകുമെന്ന് ചോദിച്ച കോടതി നിരവധി സംശയങ്ങളും ഉന്നയിച്ചു.

മന്ത്രിസഭയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മന്ത്രിക്ക് കോടതിയെ സമീപിക്കാനാവുമോ?
ഇത്തരമൊരു ഹര്‍ജിക്ക് നിലനില്‍പുണ്ടോ?
മന്ത്രിയുടെ വാദം തന്നെ ഭരണഘടനാവിരുദ്ധമല്ലേ?
മന്ത്രിക്ക് ഹര്‍ജി നല്‍കാന്‍ കഴിയുമോ? കേസുകളില്‍ ഒരു വ്യക്തിക്ക് മാത്രമല്ലേ ഹര്‍ജി നല്‍കാന്‍ കഴിയുകയുള്ളൂ?
ഇനി സര്‍ക്കാരിന് വേണ്ടിയാണ് ഹര്‍ജിയെങ്കില്‍ അത് സമര്‍പ്പിക്കേണ്ടത് ചീഫ് സെക്രട്ടറിയല്ലേ?
ഹര്‍ജിയില്‍ ആദ്യത്തെ വരിയില്‍ തന്നെ പറഞ്ഞിരിക്കുന്നത് മന്ത്രി തോമസ് ചാണ്ടി നല്‍കുന്ന ഹര്‍ജി എന്നാണ്. ഇതെങ്ങനെ സാദ്ധ്യമാവും?
ലേക്ക് പാലസ് റിസോര്‍ട്ട് നടത്തുന്ന വാട്ടര്‍ വേള്‍ഡ് കമ്പനിയുമായി മന്ത്രിക്ക് ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ അക്കാര്യം ഹര്‍ജിയില്‍ പരാമര്‍ശിക്കാത്തതെന്താണ്?
ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ മന്ത്രി നേരെ കോടതിയെയാണോ സമീപിക്കേണ്ടിയിരുന്നത്?
മന്ത്രി തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അക്കാര്യം കളക്ടറെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നോ?
അത് ചെയ്യാതെ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കുന്നത് ഭരണഘടനാവിരുദ്ധമല്ലേ?
മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും തോമസ് ചാണ്ടിക്ക് വിശ്വാസം നഷ്ടപ്പെട്ടോ?
മന്ത്രിയുടെ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കാത്തത് എന്തുകൊണ്ടാണ്?

അതേസമയം തന്റെ പേരില്‍ നടപടിക്കു ശുപാര്‍ശയില്ലെന്നു മന്ത്രി തോമസ് ചാണ്ടി കോടതിയില്‍ ബോധിപ്പിച്ചു. ആലപ്പുഴ കലക്ടര്‍ നടപടിക്കു ശുപാര്‍ശ ചെയ്ത സ്ഥലങ്ങള്‍ തന്റെ പേരിലല്ല. കലക്ടര്‍ നോട്ടിസ് നല്‍കിയതു വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ എംഡിക്കാണ്.

മന്ത്രിയായപ്പോള്‍ കമ്പനി ഡയറക്ടര്‍ സ്ഥാനം രാജിവച്ചിരുന്നു. കമ്പനി തെറ്റു ചെയ്‌തെങ്കില്‍ കമ്പനിക്കെതിരെ നടപടിയെടുക്കാം. തന്നെ ഈ വിഷയത്തിലേക്കു വലിച്ചിഴയ്ക്കുകയാണെന്നും തോമസ് ചാണ്ടി പറഞ്ഞു. നികത്തപ്പെട്ടതു ഭൈരവന്‍, ആശാലത എന്നിവരുടെ ഭൂമിയാണ്. ഈ ഭൂമി തനിക്കു കൈമാറിയെന്ന കലക്ടറുടെ കണ്ടെത്തല്‍ ശരിയല്ല. തന്റെ പേര് കലക്ടറുടെ റിപ്പോര്‍ട്ടിലേക്കു വലിച്ചിഴച്ചത് ആസൂത്രിതമാണെന്നും മന്ത്രി വാദിച്ചു.

വിമര്‍ശനങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ഹര്‍ജി പിന്‍വലിക്കുന്നുണ്ടോ എന്നുള്ള കാര്യത്തില്‍ ഉച്ചയ്ക്ക് ശേഷം നിലപാട് അറിയിക്കാമെന്ന് തോമസ് ചാണ്ടിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വിവേക് തന്‍ഖ അറിയിച്ചു.