ബാങ്ക് ഓഫ് ബറോഡയില്‍ സിനിമ സ്റ്റൈല്‍ മോഷണം: രണ്ട് കടകള്‍ക്ക് കീഴിലൂടെ 40 അടി ആഴത്തില്‍ വന്‍ തുരങ്കമുണ്ടാക്കി കൊള്ളയടിച്ചത് ഒന്നരക്കോടി

single-img
14 November 2017

മുംബൈ: നവി മുംബൈയിലെ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ വന്‍ മോഷണം. ബാങ്കിലെ ലോക്കറില്‍ നിന്ന് ഒന്നര കോടിയോളം രൂപ മോഷണം പോയെന്നാണ് റിപ്പോര്‍ട്ട്. സിനിമകളിലെ കവര്‍ച്ചയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുളള മോഷണമാണ് ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ നടന്നത്.

ബാങ്ക് നില്‍ക്കുന്ന അതേ കെട്ടിടത്തില്‍ തന്നെ വാടകയ്ക്ക് എടുത്ത ഒരു കടയില്‍ നിന്നും വന്‍ താഴ്ചയിലൂടെ ബാങ്ക് ലോക്കറിലേക്ക് ഒരു തുരങ്കം സൃഷ്ടിച്ച് അതിലൂടെ കടന്നായിരുന്നു കൊള്ളക്കാര്‍ മോഷണം നടത്തിയിരിക്കുന്നത്. സെക്ടര്‍ 11 ലെ ഭക്തി റസിഡന്‍സി ബില്‍ഡിംഗിന്റെ ഏറ്റവും താഴത്തെ നിലയിലെ ഏഴാം നമ്പര്‍ കടയായ ബാലാജി ജനറല്‍ സ്റ്റോറില്‍ നിന്നുമാണ് തുരങ്കം ആരംഭിക്കുന്നത്. ഇങ്ങനെ മൂന്ന് കടകള്‍ക്ക് കീഴിലൂടെ ഏകദേശം 40 അടിയോളം താഴ്ചയില്‍ തുരങ്കങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

ഒരു ഭിത്തിക്ക് അപ്പുറത്ത് ഏതാനും ദൂരത്തിലായി നാലാം നമ്പര്‍ ഷോപ്പിലാണ് ബാങ്കിന്റെ എടിഎം പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ ഒന്നു മുതല്‍ നാലു വരെയുള്ള കടകള്‍ ബാങ്കിന്റേതാണ്. തൊട്ടടുത്ത കടയില്‍ ഒരു സെക്യുരിറ്റി ഏജന്‍സിയാണ് പ്രവര്‍ത്തിക്കുന്നത്.

തിങ്കളാഴ് ബാങ്ക് തുറന്നപ്പോള്‍ മാത്രമാണ് മോഷണവിവരം പുറത്തു വന്നത്. ലോക്കറുകളും ആഭരണം സൂക്ഷിച്ചിരുന്ന പെട്ടികളും പഴ്‌സുകളും തുറന്നു കിടക്കുന്നതും ഉപകരണങ്ങള്‍ താഴെ ചിതറിക്കിടക്കുന്നതും കണ്ടെത്തുകയായിരുന്നു.

അതേസമയം വെളളിയാഴ്ച തന്നെ കൊള്ളസംഘം ഇവിടെ എത്തിയിരിക്കാമെന്നും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറന്ന് കൊള്ളയടിച്ചിരിക്കാമെന്നുമാണ് പൊലീസിന്റെ നിഗമനം. ആറ് സംഘമായിട്ടാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഈ വര്‍ഷം ആദ്യം ജാര്‍ഖണ്ഡിലെ നെരുലില്‍ നടന്ന മോഷണത്തിനോട് സാമ്യമുള്ളതാണ് പുതിയ മോഷണവുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

ആറു മാസം മുമ്പ് തുടങ്ങിയ പദ്ധതിയായിരിക്കണം ഇതെന്നാണ് പോലീസ് പറയുന്നത്. ഗണബചന്‍ പ്രസാദ് എന്നയാളാണ് ഏഴാം നമ്പര്‍ കട വാടകയ്ക്ക് എടുത്തത്. ഏതാനും മാസം കട നടത്തിയ ശേഷം നല്ല സുഖമില്ലെന്ന് പറഞ്ഞ് സെപ്തംബറില്‍ ചികിത്സയ്ക്കായി ജാര്‍ഖണ്ഡിലേക്ക് പോയി. പിന്നീട് മറ്റ് രണ്ടു പേരായിരുന്നു കട നടത്തിയിരുന്നത്. ഈ രണ്ടു മാസത്തിനിടയിലായിരിക്കാം കൊള്ളക്കാര്‍ കടയില്‍ തുരങ്കം നിര്‍മ്മിച്ചതെന്നാണ് പോലീസ് കരുതുന്നത്.

മൂന്നടി വ്യാസത്തില്‍ 40 അടി താഴ്ചയിലേക്ക് തുരങ്കം നിര്‍മ്മിച്ചത് രാത്രിയിലായിരിക്കാമെന്നും അവശിഷ്ടങ്ങള്‍ രാത്രിയില്‍ തന്നെ എതിര്‍ വശത്തുള്ള കെട്ടിടത്തിന്റെ പരിസരത്ത് നിക്ഷേപിച്ചിരിക്കാമെന്നുമാണ് പോലീസ് സംശയിക്കുന്നത്. മുകളിലത്തെ കെട്ടിടങ്ങളില്‍ താമസിച്ചിരുന്നവര്‍ക്ക് പോലും സംശയം തോന്നാത്ത വിധത്തിലാണ് എല്ലാം ചെയ്തത്. എന്നാല്‍ കുഴിക്കുന്ന ശബ്ദം തങ്ങള്‍ കേട്ടിരുന്നതായി കെട്ടിടത്തില്‍ താമസിച്ചിരുന്നവര്‍ പറയുന്നു.

ഒന്നിലധികം പേര്‍ ചേര്‍ന്നായിരിക്കണം ഈ മോഷണം നടത്തിയതെന്നാണ് പോലീസ് പ്രാഥമിക വിലയിരുത്തല്‍. ബാങ്കിന്റെ കൃത്യമായ ലേ ഔട്ട് വെച്ചു തന്നെയായിരുന്നു സംഘം തുരങ്കം നിര്‍മ്മിച്ചത്. എന്നാല്‍ ബാങ്കിന്റെ പ്രധാന സേഫിലോ ട്രഷറി റൂമിലോ സംഘം കൈവെച്ചില്ല. ലോക്കര്‍ റൂമില്‍ നിന്നും കൊള്ളക്കാരുടെ വിരലടയാളം പോലീസ് എടുത്തിട്ടുണ്ട്. അതേസമയം ബാങ്കിന്റെ പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.