‘ഐക്യത്തിന്റെ ചങ്ങല പൊളിച്ച് ട്രംപ്’: അമേരിക്കന്‍ പ്രസിഡന്റിനെ ട്രോളി സോഷ്യല്‍ മീഡിയ

single-img
13 November 2017

മനില: ഏഷ്യാ സന്ദര്‍ശനം നടത്തി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ എല്ലാ വാര്‍ത്തകളിലും തന്റെ കഴിവുകളും, ഭരണനേട്ടങ്ങളും ചൂണ്ടിക്കാട്ടി സ്വയം പുകഴ്ത്തിയ ട്രംപിന് ആസിയാന്‍ ഉച്ചകോടിക്കിടെ കിട്ടിയ പണി ആഘോഷമാക്കിയിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ

ആസിയാന്‍ ഉച്ചകോടിക്കിടെ ലോകനേതാക്കള്‍ക്ക് കൈകൊടുത്ത് ഐക്യത്തിന്റെ ചങ്ങല രുപീകരിക്കാനുള്ള ശ്രമം ട്രംപ് തകര്‍ത്തതാണ് ഇത്തവണ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. നേതാക്കളെല്ലാവരും കൂടി സംഘമായി ഹസ്തദാനം ചെയ്യുന്നതിനിടെയാണ് ഏത് കൈ ആര്‍ക്ക് നേരെ നീട്ടണമെന്നറിയാതെ ട്രംപ് കുഴങ്ങിയത്.

എന്നാല്‍ ആ നിമിഷം കൃത്യമായി ക്യാമറയില്‍ പതിഞ്ഞതോടെ ചിത്രം സഹിതം സോഷ്യല്‍ മീഡിയയില്‍ ട്രോളുകളെത്തി. ഇരു വശങ്ങളിലുമുള്ള നേതാക്കള്‍ കൈകള്‍ കോര്‍ത്തു പിടിച്ച് ചങ്ങലയായപ്പോള്‍ നടുവില്‍ നിന്ന ട്രംപ് ഒരു വശത്തേക്ക് മാത്രം ഇരു കൈയും നല്‍കി ചങ്ങല മുറിച്ചു.

എന്നാല്‍ പിന്നീട് അബദ്ധം മനസിലാക്കി ട്രംപ് ഇരു വശത്തേക്കും കൈകൊടുക്കുകയായിരുന്നു. ഇതിനിടെ പകര്‍ത്തിയ ഫോട്ടോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. വലതു വശത്തു നിന്ന വിയറ്റ്‌നാം പ്രധാനമന്ത്രി എന്‍ജൂയന്‍ സുവാന്‍ ഫൂക്കിനാണ് ഇരു കൈകളും നല്‍കിയത്.

അതേസമയം, ഇടതു ഭാഗത്ത് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് ട്രംപിനു നേരെ നീട്ടിയ കൈകളുമായി നില്‍ക്കുകയായിരുന്നു. ഒരു ഭാഗത്ത് ചങ്ങല മുറിഞ്ഞുവെന്ന് മനസിലാക്കിയ ട്രംപ് ഉടന്‍ തന്നെ ഫിലിപ്പീസ് പ്രസിഡന്റിന് അപ്പോള്‍ത്തന്നെ കൈ നല്‍കി ചങ്ങല കൂട്ടിയിണക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് തെറ്റ് തിരുത്തിയെങ്കിലും ഇത്ര ലളിതമായ കാര്യം പോലും കൃത്യമായി ചെയ്യാന്‍ കഴിയാഞ്ഞതിന് ട്രംപിനെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ.