കൊല്ലം ട്രിനിറ്റി സ്‌കൂളിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

single-img
13 November 2017

സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടി വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ കൊല്ലം ട്രിനിറ്റി സ്‌കൂളിലെ അധ്യാപികമാര്‍ക്ക് ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

17ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. 18,19,20 തീയ്യതികളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്ത ഗൗരിയോട് ഈ അധ്യാപികമാര്‍ കാണിച്ചത് ക്രൂരതയാണെന്ന് പ്രോസിക്യൂഷന്‍ കഴിഞ്ഞദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

മരിക്കുന്നതിന് മുമ്പ് ഗൗരിയെ ടീച്ചര്‍ വിളിച്ചുകൊണ്ടു പോയെന്നും ഇത് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും ടീച്ചര്‍ ഗൗരിയെ ഏറെ നേരം ചീത്ത പറഞ്ഞെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ തങ്ങള്‍ നിരപരാധികളാണെന്നും ക്രിമിനല്‍ കേസില്‍ അറിയാതെ പ്രതികള്‍ ആകുകയായിരുന്നു എന്നും അധ്യാപികമാര്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസം ട്രിനിറ്റി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഹയാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ സ്‌കൂളിലെ അധ്യാപികമാര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അധ്യാപികമാരുടെ മാനസിക പീഡനത്തില്‍ മനംനൊന്താണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്ന് ബന്ധുകള്‍ ആരോപിച്ചിരുന്നു.