ഇടതുമുന്നണി കൈവിട്ടിട്ടും മന്ത്രി തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിക്കാന്‍ എന്‍സിപിയുടെ കരുനീക്കം

single-img
13 November 2017

മന്ത്രി തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച വിഷയം നാളെ നടക്കാനിരിക്കുന്ന എന്‍സിപി സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍. നാളെ നടക്കുന്ന യോഗം സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതാണ്.

ഒരു മാസം മുന്‍പേ നിശ്ചയിച്ചതാണ് ഈ യോഗം. യോഗത്തിന്റെ അജന്‍ഡയില്‍ മന്ത്രിയുടെ രാജിക്കാര്യം വരില്ല, പക്ഷേ വേണമെങ്കില്‍ വിഷയം ചര്‍ച്ചചെയ്യും. എന്നാല്‍ അന്തിമതീരുമാനം കേന്ദ്രനേതൃത്വമായിരിക്കും എടുക്കുകയെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

രാജി പരമാവധി നീട്ടുക എന്ന തന്ത്രമാണ് തോമസ് ചാണ്ടി വിഭാഗം ഇതിലൂടെ പയറ്റുന്നത്. രാജിവയ്ക്കണോയെന്ന അന്തിമ തീരുമാനമെടുക്കുക കേന്ദ്ര അധ്യക്ഷന്‍ ശരദ് പവാറായിരിക്കുമെന്നാണ് സൂചന. ഇതിനുമുന്നോടിയായി പവാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം നാളെ നടക്കുന്ന എന്‍സിപി ഭാരവാഹി യോഗത്തില്‍ തീരുമാനമായാലും ഇല്ലെങ്കിലും കാര്യങ്ങള്‍ തോമസ് ചാണ്ടിയ്ക്ക് കൂടുതല്‍ പ്രതികൂലമാക്കാനുള്ള സാധ്യതകളാണ് നിലവിലുള്ളത്. യോഗത്തില്‍ എ.കെ.ശശീന്ദ്രന്‍ പക്ഷം ചാണ്ടിയുടെ രാജിയ്ക്കായി മുറവിളി കൂട്ടിയാലും അന്തിമ തീരുമാനം കേന്ദ്രനേതൃത്വം എടുക്കട്ടേ എന്ന നിലപാടാവും തോമസ് ചാണ്ടിയെ അനുകൂലിക്കുന്നവര്‍ സ്വീകരിക്കുക.

തോമസ് ചാണ്ടിയുടെ രാജിയുണ്ടായാല്‍ മന്ത്രിസഭയില്‍ എന്‍സിപി പ്രാതിനിധ്യം നഷ്ടപ്പെടുമോയെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്. ഇതിലടക്കം വ്യക്തത ഉണ്ടായശേഷമേ തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ. പുതിയ മന്ത്രി അധികാരത്തിലേറുന്നതു നീണ്ടുപോയാല്‍ മന്ത്രിസ്ഥാനം നഷ്ടമാകുമോയെന്നാണ് ആശങ്ക.

അങ്ങനെയൊരു സാഹചര്യമൊഴിവാക്കണം എന്നു ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. എ.കെ. ശശീന്ദ്രന്‍ കുറ്റവിമുക്തനായെത്തിയാല്‍ തോമസ് ചാണ്ടി മാറിക്കൊടുക്കുമെന്ന ധാരണ നേരത്തേയുണ്ട്. ഫോണ്‍കെണി കേസ് അന്വേഷിച്ച ജസ്റ്റിസ് പി.എ. ആന്റണി കമ്മീഷന്‍ ഉടന്‍ റിപ്പോര്‍ട്ടു നല്‍കുമെന്നാണ് എന്‍സിപിയുടെ പ്രതീക്ഷ. എന്നാല്‍ ശശീന്ദ്രനെതിരായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജി ഇനി ഹൈക്കോടതി 24നെ പരിഗണിക്കൂ.

അതേസമയം കലക്ടറുടെ റിപ്പോര്‍ട്ടു തെറ്റാണെന്നും കോടതിയില്‍നിന്നു വ്യക്തത വന്നശേഷമേ മറ്റു തീരുമാനങ്ങള്‍ ഉണ്ടാകുവെന്നും സംസ്ഥാന നേതൃത്വം ഇടതുമുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കൊച്ചിയിലുളള മന്ത്രി തോമസ് ചാണ്ടിയും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരനും വിവിധ തലങ്ങളില്‍ ആശയവിനിമയം നടത്തുന്നുണ്ട്.

കേസ് നാളെ ഹൈക്കോടതി പരിഗണിക്കുമ്പോള്‍ സുപ്രീം കോടതിയില്‍നിന്നു മുതിര്‍ന്ന അഭിഭാഷകനെ എത്തിച്ചു പ്രതിരോധിക്കാനും തോമസ് ചാണ്ടി നീക്കം നടത്തുന്നുണ്ട്. ഹൈക്കോടതിയില്‍നിന്ന് എതിരായ തീരുമാനമോ പരാമര്‍ശമോ വന്നാല്‍ ഉടന്‍ രാജി വയ്‌ക്കേണ്ടിവരും. ഈ വിഷമസ്ഥിതിയിലാണു നാളെ പാര്‍ട്ടി നേതൃത്വം യോഗം ചേരുന്നത്. തീരുമാനം നീണ്ടുപോയാല്‍ പരസ്യമായി രാജി ആവശ്യപ്പെടുമെന്നു സിപിഐ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.