സൗദിയില്‍ കെട്ടിട, വീട്ടു വാടക കുത്തനെ കുറഞ്ഞു

single-img
13 November 2017

സൗദിയില്‍ കെട്ടിട, വീട്ടു വാടകയില്‍ വന്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. മുവായിരം മുതല്‍ ഏഴായിരം റിയാല്‍ വരെ വീട്ടുവാടക കുത്തനെ കുറഞ്ഞെന്നാണ് വിവരം. ആശ്രിത ലെവിയും സൗദി ഭവന മന്ത്രാലയത്തിന്റെ ലോണ്‍ പദ്ധതിയും വാടക കുറയാന്‍ കാരണമായെന്നാണ് സൂചന.

സൗദിയില്‍ ആശ്രിത ലെവി ഏര്‍പ്പെടുത്തിയതോടെ വന്‍ കൊഴിഞ്ഞു പോക്കാണ് ഉണ്ടായത്. മക്കളും വലിയ കുടുംബവുമുള്ളവര്‍ ആദ്യം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇപ്പോള്‍ ചെറു കുടുംബങ്ങളും മടങ്ങുകയാണ്. അയ്യായിരത്തിനു മേല്‍ ശമ്പളമുള്ളവരാണ് കുടുംബത്തെ രാജ്യത്ത് നിര്‍ത്തുന്നത്.

അതേസമയം തൊഴില്‍ പ്രതിസന്ധിയും, സ്വദേശിവത്കരണവും തിരിച്ചു പോക്ക് വേഗത്തിലാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെ പല കെട്ടിടങ്ങളും കാലിയായെന്നാണ് വിവരം. പ്രധാന നഗരങ്ങളിലെ വിദേശികള്‍ തിങ്ങിപാര്‍ക്കുന്ന മേഖലയില്‍ പതിനായിരത്തിനു താഴെയായി വാര്‍ഷിക വാടക കുറഞ്ഞു.

എന്നാല്‍ രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെ ഇത് സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വദേശികള്‍ക്ക് താമസ കെട്ടിടം നല്‍കാനും സ്വന്തമായി വീടുണ്ടാക്കുന്നവര്‍ക്ക് ലോണ്‍ നല്‍കാനും ഭവന മന്ത്രാലയം തീരുമാനിച്ചിരുന്നു.

ഇതോടെ സ്വദേശികള്‍ സ്വന്തം കെട്ടിടങ്ങളിലേക്ക് മാറി. ഇതിനാല്‍ വാടക ഇനിയും കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍. ലെവിയുണ്ടെങ്കിലും മികച്ച ശമ്പളമുളളവര്‍ക്ക് വാടക കുറയുന്നത് കുടുംബത്തെ രാജ്യത്ത് നിലനിര്‍ത്താന്‍ സഹായിക്കും.