സൗദിയില്‍ ഈ വര്‍ഷം അറുപത്തി ആറായിരം പ്രവാസികള്‍ക്ക് ജോലി നഷ്ടമായി

single-img
13 November 2017

റിയാദ്: സൗദിയില്‍ ജോലി നഷ്ടപ്പെട്ട വിദേശികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം അറുപത്തി ആറായിരത്തിലേറെ പേര്‍ക്ക് ജോലി നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജോലി നഷ്ടപ്പെട്ടവരില്‍ ഇരുപതിനായിരത്തിലേറെ പേരും സ്ത്രീകളാണെന്നും സാമ്പത്തിക മാധ്യമങ്ങള്‍ നടത്തിയ പഠനത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം മുതല്‍ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന ഊര്‍ജ്ജിത സ്വദേശിവത്കരണവും മൂലമാണ് ഇത്രയധികം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണം. കുറഞ്ഞ വിദ്യാഭ്യാസമുള്ളവരുടെ ജോലിയെ പ്രശ്‌നം കാര്യമായി ബാധിച്ചിട്ടില്ല.

66,300ലേറെ വിദേശി ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായതെന്ന് കണക്കിലുണ്ട്. ഇതില്‍ 13,200 പേര്‍ക്കും 2017 രണ്ടാം പാദത്തിലാണ് തൊഴില്‍ നഷ്ടപ്പെട്ടിട്ടുള്ളത്. തൊഴില്‍ രഹിതരില്‍ 18,726 പേരും ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരാണ്. 22,865 പേര്‍ സെക്കന്ററി വിദ്യാഭ്യാസമുള്ളവരും.

കുറഞ്ഞ വിദ്യാഭ്യാസമുള്ളവരില്‍ 704 പേര്‍ക്ക് മാത്രമാണ് ജോലി നഷ്ടമായത്. അതായത് മികച്ച വിദ്യാഭ്യാസമുള്ളവരാണ് തൊഴില്‍ പ്രതിസന്ധി നേരിടുന്നത് എന്നര്‍ത്ഥം. രാജ്യത്ത് ആകെയുള്ള തൊഴില്‍ രഹിതരില്‍ സ്വദേശികളാണ് ഏറ്റവും കൂടുതല്‍. ഇതാണ് സ്വദേശിവത്കരണം ശക്തമാക്കാനും കാരണം. അതേസമയം സ്വദേശി വത്കരണം വിവിധ മേഖലകളില്‍ ഇപ്പോഴും ശക്തമായി തുടരുന്നുണ്ട്.