മോദി ഭക്തരെയും കയ്യിലെടുത്ത് രാഹുല്‍ ഗാന്ധി: പ്രധാനമന്ത്രി പദത്തെ കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബിജെപി അനുഭാവികള്‍

single-img
13 November 2017

അഹമ്മദാബാദ്: നരേന്ദ്രമോദിയെ തങ്ങള്‍ വിമര്‍ശിക്കുമെന്നും എന്നാല്‍ പ്രധാനമന്ത്രി പദത്തോട് അനാദരവ് കാണിക്കില്ലെന്നും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ നടന്ന ഒരു തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി പ്രതിപക്ഷത്തായിരുന്നപ്പോള്‍ അദ്ദേഹം അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയോട് ആദരവില്ലാതെയായിരുന്നു പെരുമാറിയിരുന്നത്. എന്നാല്‍ തങ്ങള്‍ അങ്ങനെ ചെയ്യില്ലെന്നും അതാണ് ഞങ്ങളും അവരും തമ്മിലുളള വ്യത്യാസമെന്നും രാഹുല്‍ പറഞ്ഞു.

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ബിജെപി നടത്തിയ വ്യക്തിപരമായ വിമര്‍ശനങ്ങളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ഗുജറാത്തിലെ മോദി ഭക്തരുടെ വരെ കൈയടി നേടിയിരിക്കുകയാണ് രാഹുല്‍.

ഗുജറാത്ത് മാതൃകയെന്ന് ബിജെപി കൊട്ടിഘോഷിച്ച് കൊണ്ടിരിക്കുന്ന വികസന മാതൃക ഇപ്പോള്‍ താറുമാറായിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് യാഥാര്‍ത്ഥ്യമാണ് എടുത്ത് കാട്ടുന്നതെന്നും ഗുജറാത്തിലുണ്ടായിരുന്ന വികസനം ഇപ്പോള്‍ ഇല്ലാതായിരിക്കുന്നുവെന്നതാണ് ദുഃഖകരമായ സത്യമെന്നും രാഹുല്‍ പറയുന്നു.

നിയമവിരുദ്ധമായി ഓഹരി വ്യാപാരം ചെയ്തതിന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സ്ഥാപനത്തിന് മേല്‍ പിഴ ചുമത്തിയ കാര്യവും രാഹുല്‍ വന്‍ പ്രാധാന്യത്തോടെ ബിജെപിക്കെതിരെ പ്രയോഗിക്കുന്നുണ്ട്. ഈ പ്രശ്‌നത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കാന്‍ മോദി തയ്യാറാവണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

നിലവില്‍ രാജ്യത്തെ മറ്റേതൊരു പ്രദേശത്തേക്കാളും ഗുജറാത്ത് അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു. തങ്ങളുടെ യൂണിറ്റുകളിലേക്ക് ഓരോ രണ്ട് മിനുറ്റിലും കടന്ന് വന്ന് കൈക്കൂലി ചോദിക്കുന്ന അവസ്ഥയാണുള്ളതെന്ന് സൂറത്തിലെ ബിസിനസുകാര്‍ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും രാഹുല്‍ പറയുന്നു. ഗുജറാത്തിലെ പ്രചാരണത്തിന്റെ രണ്ടാം ദിവസത്തില്‍ ബാനസ്‌കാന്‍ത ജില്ലയില്‍ വന്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്താണ് രാഹുല്‍ പ്രസംഗിച്ചിരിക്കുന്നത്.

ബിജെപി പ്രസിഡന്റ് അമിത്ഷായുടെ മകന്റെ കമ്പനിയുടെ ടേണ്‍ ഓവര്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 50,000 രൂപയില്‍ നിന്നും 80 കോടി രൂപയായി വര്‍ധിപ്പിച്ചത് എങ്ങനെയാണെന്നും രാഹുല്‍ ചോദിച്ചു. 2014ല്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷമാണിത് സംഭവിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു. അഴിമതിയില്ലാതെ ഇത് സാധ്യമാവില്ലെന്ന് ഗുജറാത്തിലെ ജനങ്ങള്‍ക്കറിയാമെന്നും രാഹുല്‍ വ്യക്തമാക്കി.