പുതുവൈപ്പ് പദ്ധതിയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്ന് വിദഗ്ദ്ധ സമിതി

single-img
13 November 2017

തിരുവനന്തപുരം: പുതുവൈപ്പ് പദ്ധതിയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്ന് വിദഗ്ദ്ധ സമിതി. എറണാകുളം പുതുവൈപ്പിലെ നിര്‍ദ്ദിഷ്ട ഐ.ഒ.സി പഌന്റിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി ഹരിത ട്രൈബ്യൂണലിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പദ്ധതി പ്രദേശത്ത് നടത്തിപ്പുകാരായ ഐ.ഒ.സി പണിത മതില്‍ പൊളിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പഌന്റിന് അനുമതി നല്‍കിയപ്പോള്‍ പറഞ്ഞ ചട്ടങ്ങള്‍ പലതും ഐ.ഒ.സി പാലിച്ചിട്ടില്ലെന്നും അപകടമുണ്ടായാല്‍ നേരിടാനുള്ള ദുരന്തനിവാരണ പദ്ധതി പുന:പരിശോധിക്കണമെന്നും വിദഗ്ദ്ധ സമിതി പറഞ്ഞു.

പദ്ധതിയുടെ മേല്‍നോട്ടത്തിനായി വിദഗ്ദ സമിതിയെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രദേശത്തെ മണല്‍ഭിത്തികള്‍ സംരക്ഷിക്കാനും നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. എന്‍ പൂര്‍ണചന്ദ്രറാവു, മുന്‍ ചീഫ് ടൗണ്‍ പ്ലാനര്‍ ഈപ്പന്‍ വര്‍ഗീസ്, എന്‍.സി.ഇ.എസ്.എസ്. മുന്‍ ശാസ്ത്രജ്ഞന്‍ കെ.വി. തോമസ് എന്നിവരംഗങ്ങളായ സമിതി ശുപാര്‍ശ ചെയ്തു.

പുതുവൈപ്പ് സമരസമിതി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍, ഐ.ഒ.സി. അധികൃതര്‍ തുടങ്ങിയവരില്‍ നിന്ന് വിവരങ്ങള്‍ തേടിയ ശേഷമാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റിന്റെ നിര്‍മാണ പ്രദേശത്തെത്തി സമിതി പരിശോധനയും നടത്തിയിരുന്നു. ഐ.ഒ.സി അധികൃതര്‍ മുമ്പ് സമിതിക്ക് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.