‘മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കും വീട്ടിലെ സമാധാനമില്ലായ്മയുമാണ് എന്നെ കൊലപാതകിയാക്കിയത്’: അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൊഴി

single-img
13 November 2017

ഗുഡ്ഗാവ്: റയാന്‍ സ്‌കൂളിലെ രണ്ടാം ക്ലാസുകാരന്റെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ഥി. പ്രദ്യുമ്‌നനെ കൊലപ്പെടുത്തുന്നതിന് മുമ്പ് വരും വരായ്കകളെ കുറിച്ച് താന്‍ ആലോചിച്ചിരുന്നെന്ന് വിദ്യാര്‍ഥി പൊലീസിനോട് പറഞ്ഞു.

അതേസമയം ഇനിയും ചോദ്യം ചെയ്യലിന് വിധേയമാക്കേണ്ടതില്ലെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ സിബിഐ അറിയിച്ചു. ഇതേത്തുടര്‍ന്ന് കുട്ടിയെ ഈ മാസം 22 വരെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. ചോദ്യം ചെയ്യലിനിടെയാണ് കൃത്യം നടത്തുന്നതിന് മുമ്പ് താന്‍ അനുഭവിച്ച മാനസികസംഘര്‍ഷത്തെക്കുറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയത്.

വിഷം നല്‍കി കൊലപ്പെടുത്താനായിരുന്നു ആദ്യം ഉദ്ദേശിച്ചതെന്നും പിന്നീടാണ് കത്തി ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നും വിദ്യാര്‍ഥി പറഞ്ഞു. കൃത്യം നടക്കുന്ന അന്ന് രാവിലെ സ്‌കൂളിലെത്തിയപ്പോഴും ഇതൊക്കെ ചെയ്യണോ എന്ന് താന്‍ ചിന്തിച്ചിരുന്നെന്നും സ്‌കൂള്‍ വരാന്തയില്‍ പ്രദ്യുമ്‌നനെ കണ്ട് സംസാരിച്ചപ്പോഴും താന്‍ ആശയക്കുഴപ്പത്തിലായിരുന്നെന്നും വിദ്യാര്‍ഥിയുടെ മൊഴിയില്‍ പറയുന്നു.

സ്‌കൂളിലെ ശൗചാലയത്തിലേക്ക് സഹായത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് പ്രദ്യുമ്‌നനെ കൊലപ്പെടുത്തിയത്. കത്തിയുപയോഗിച്ച് തന്നെയൊരൊള്‍ മുറിവേല്‍പ്പിച്ചാല്‍ വേദനിക്കുന്നത് എത്രമാത്രമെന്നും തന്റെ ഇളയ സഹോദരനോട് ആരെങ്കിലും ഇങ്ങനെ ചെയ്താല്‍ സഹിക്കാനാവുമോ എന്നുമൊക്കെ ആ സമയത്ത് താന്‍ ചിന്തിച്ചതായും വിദ്യാര്‍ഥി പറഞ്ഞു.

ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കത്തന്നെ പരീക്ഷയും രക്ഷാകര്‍ത്തൃയോഗവും എങ്ങനെയും മാറ്റിവയ്പ്പിക്കുക എന്ന ചിന്തയാണ് തന്നെക്കൊണ്ട് കൊലപാതകം ചെയ്യിപ്പിച്ചതെന്നും വിദ്യാര്‍ഥി മൊഴി നല്‍കിയതായി അന്വേഷണസംഘം അറിയിച്ചു. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകളും വീട്ടിലെ സമാധാനമില്ലായ്മയുമാണ് പഠിത്തത്തിലുള്ള തന്റെ താല്‍പര്യം കുറച്ചതെന്നും വിദ്യാര്‍ഥി അന്വേഷണസംഘത്തോട് പറഞ്ഞു.

സെപ്തംബര്‍ എട്ടിനാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. സ്‌കൂളിലെ ബസ് ഡ്രൈവറാണ് പ്രദ്യുമ്‌നനെ കൊലപ്പെടുത്തിയതെന്നായിരുന്നു ഹരിയാന പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് അതേസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് കുറ്റം ചെയ്തതെന്ന തെളിഞ്ഞത്.

കേസുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളില്‍ നാല് പോലീസുകാര്‍ തിരിമറി നടത്തിയെന്നും വേണ്ടത്ര പരിശോധന നടത്താതെ അനുമാനങ്ങളില്‍ എത്തിയെന്നും സിബിഐ ആരോപിച്ചിരുന്നു.