സംസ്ഥാന കമ്മിറ്റിയില്‍ തനിക്കെതിരായി വിമര്‍ശനം ഉണ്ടായെന്ന കാര്യം ശരിവച്ച് പി ജയരാജന്‍; ‘കമ്മിറ്റിയില്‍ നിന്ന് താന്‍ ഇറങ്ങിപ്പോയിട്ടില്ല’

single-img
13 November 2017

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് താന്‍ ഇറങ്ങിപ്പോയെന്ന ചില മാധ്യമങ്ങളുടെ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍. ഏതൊരു പ്രവര്‍ത്തകനേയും വിമര്‍ശിക്കാനുള്ള അവകാശം പാര്‍ട്ടിക്കുണ്ട്. വിമര്‍ശനങ്ങള്‍ ഉള്‍കൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍ പ്രവര്‍ത്തിക്കേണ്ടത്.

കണ്ണൂര്‍ ഘടകത്തിന് പ്രത്യേകതയില്ല. ഗ്രാമീണ കലാവേദികള്‍ ഗാനങ്ങള്‍ തയ്യാറാക്കുന്നതു തന്നോട് ആലോചിച്ചിട്ടല്ല. പാര്‍ട്ടി തീരുമാനിച്ച കാര്യമാണ് കണ്ണൂരിലും നടപ്പാക്കുന്നത്. എന്റെ നിലപാട് ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞിട്ടുണ്ട്. വിമര്‍ശനങ്ങളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സവിശേഷത.

വിമര്‍ശനങ്ങള്‍ എന്നും ശരിയായ നിലയ്ക്കാണ് പരിഗണിക്കാറുള്ളതെന്നും ജയരാജന്‍ പറഞ്ഞു. ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കുന്നു എന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ വിമര്‍ശനം. ജയരാജനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഡോക്യുമെന്ററിയും സംഗീത ആല്‍ബവും മറ്റും പരിഗണിച്ചാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതേസമയം, സംസ്ഥാന കമ്മിറ്റിയില്‍ തനിക്കെതിരായി വിമര്‍ശനം ഉണ്ടായെന്ന കാര്യം ജയരാജന്‍ ശരിവച്ചു.

ജയരാജന്‍ സ്വയം മഹത്വവത്കരിക്കുന്നു എന്നാണ് സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം വിലയിരുത്തിയത്. ഇതിനായി ജയരാജന്‍ ജീവിതരേഖയും നൃത്തശില്‍പ്പവും തയാറാക്കി. ഇതൊന്നും കമ്യൂണിസ്റ്റുകാരുടെ രീതിയല്ല. കണ്ണൂര്‍ ജില്ലയിലെ എല്ലാ ഘടകങ്ങളിലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനും സംസ്ഥാന സമിതി തീരുമാനിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു.

പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ നിന്ന് ജയരാജന്‍ ഇറങ്ങിപ്പോയി. ചര്‍ച്ചയില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം. വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനില്ലെന്ന് പി. ജയരാജന്‍ അറിയിച്ചെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

Posted by P Jayarajan on Sunday, November 12, 2017