നെടുമ്പാശേരിയില്‍ നിന്നു വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി: വിമാനത്തില്‍ പരിശോധന

single-img
13 November 2017

നെടുമ്പാശേരിയില്‍ നിന്നു വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് യാത്രക്കാരന്റെ ഭീഷണി. കൊച്ചി-മുംബൈ ജെറ്റ് എയര്‍വേസ് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് തൃശൂര്‍ സ്വദേശി ക്ലിന്‍സ് വര്‍ഗീസാണ് ഭീഷണി മുഴക്കിയത്. സംഭവത്തെ തുടര്‍ന്നു അധികൃതര്‍ വിമാനത്തില്‍ പരിശോധന നടത്തി. പിന്നീട് നെടുമ്പാശേരി പോലീസ് ഇയാളെ അറസ്റ്റു ചെയ്തു.

ഇന്ന് ഉച്ചയ്ക്ക് 12.05 ന് കൊച്ചിയില്‍ നിന്ന് മുംബൈയിലേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന ജറ്റ് എയര്‍വേസ് വിമാനത്തില്‍ ബോര്‍ഡിങ് നടക്കുകയായിരുന്നു. മുംബൈയിലേയ്ക്കുള്ള യാത്രക്കാരനായിരുന്നു ക്‌ളിന്‍സ്. വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പാണ് ഇയാള്‍ മൊബൈല്‍ ഫോണില്‍ വീഡിയോ ഷൂട്ട് ചെയ്തത്.

ഹാപ്പി ബോംബ് ഉപയോഗിച്ച് ഈ വിമാനം തട്ടിക്കൊണ്ടുപോകുമെന്നായിരുന്നു വീഡിയോയിലെ സന്ദേശം. ഇക്കാര്യം വിമാനത്തിനകത്തുണ്ടായിരുന്നു സുഹൃത്തിനേയും ഇയാള്‍ അറിയിച്ചു. സംഭവം എയര്‍ഹോസ്റ്റസാണ് വിമാനത്താവള അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയത്.

തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തുകയായിരുന്നു. പരിശോധനക്കുശേഷം 1.45 ന് വിമാനം മുംബൈയിലേയ്ക്ക് പോയി. തമാശക്ക് ചെയ്തതാണെന്ന് ക്‌ളിന്‍സ് പറയുന്നുണ്ട്. ഇയാള്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മകനാണെന്നും പറയുന്നു.