ദേവസ്വം ബോര്‍ഡിന്റെ കാലാവധി ചുരുക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടാതെ മടക്കി: സര്‍ക്കാരിനോട് വിശദീകരണം തേടി

single-img
13 November 2017

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമായി കുറയ്ക്കുന്ന ഓര്‍ഡിനന്‍സ് സംബന്ധിച്ച് സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി. ചട്ടം ഭേദഗതി ചെയ്തു കൊണ്ടുള്ള ഓര്‍ഡിനന്‍സിന് നിയമസാധുതയുണ്ടോയെന്ന് വ്യക്തമാക്കാനാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ശബരിമല മണ്ഡല, മകരവിളക്ക് സീസണ്‍ തുടങ്ങാന്‍ നാലു ദിവസം മാത്രം ശേഷിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗത്തെയും പുറത്താക്കികൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നു ബിജെപി ഗവര്‍ണറോട് അഭ്യര്‍ഥിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതേ ആവശ്യം ഗവര്‍ണറോട് ഉന്നയിച്ചിരുന്നു.

ഓര്‍ഡിനന്‍സ് ഇറക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണു തീരുമാനിച്ചത്. ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം അജയ് തറയില്‍ എന്നിവര്‍ രണ്ടുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കാനിരിക്കെ ആയിരുന്നു 1950ലെ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.

ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെ പ്രയാര്‍ ഗോപാലകൃഷ്ണനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും അജയ് തറയിലിനെ ബോര്‍ഡില്‍ നിന്നും സര്‍ക്കാര്‍ നീക്കിയിരുന്നു.