ഗൾഫ് മേഖലയിൽ വൻ ഭൂചലനം: 10 പേർ മരിച്ചതായി റിപ്പോർട്ടുകൾ

single-img
13 November 2017

ഗൾഫ് മേഖലയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇറാഖ് അതിർത്തിയോടു ചേർന്ന സൽമാനിയ ആണ് റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനം മൂന്നു മിനിറ്റോളം നീണ്ടു നിന്നു. ഇറാന്‍, ഇറാഖ് അതിര്‍ത്തിയിലും തുര്‍ക്കി, ലെബനാന്‍, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. പശ്ചിമ ഇറാനിലും ഇറാഖിലുമായി 10 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്.

പ്രാദേശിക സമയം രാത്രി ഒൻപതരയോടെയാണു കുവൈത്തിന്റെ പലഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. ചിലയിടങ്ങളിൽ കെട്ടിടങ്ങളിലെ ജനൽ ചില്ലകൾ തകർന്നു വീണു. താമസക്കാർ കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങിയോടി. മംഗഫ്, അഹമ്മദി, ഫിൻതാസ് തുടങ്ങിയ ഇടങ്ങളിലാണു കൂടുതൽ തീവ്രത അനുഭവപ്പെട്ടത്. ഷാർജയിലും ദുബായിലും ഇതിന്റെ പ്രകമ്പനമുണ്ടായി. ഇറാനിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ എട്ടു ഗ്രാമങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്.

ഇതിനിടെ തുടര്‍ചലനങ്ങളുണ്ടാകുമെന്ന് ചിലര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ജനങ്ങളെല്ലാം കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങി നില്‍ക്കുകയാണ്. എന്നാല്‍ ആശങ്കവേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.