അവസരം തരാമെന്ന പേരില്‍ ഹോട്ടലില്‍ വിളിച്ചുവരുത്തി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു: പ്രമുഖ മലയാള ചലച്ചിത്ര സംവിധായകനെതിരെ ആരോപണവുമായി നടി ദിവ്യ ഉണ്ണി

single-img
13 November 2017

മലയാളത്തിലെ പ്രമുഖ സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ദിവ്യ ഉണ്ണി. രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കില്‍ മനോജ് ബാജ്‌പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ട നടിയാണ് ദിവ്യ ഉണ്ണി.

സിനിമയില്‍ അവസരം തരാമെന്ന പേരില്‍ ഹോട്ടലില്‍ വിളിച്ചുവരുത്തിയ തന്നോട് കിടക്ക പങ്കിടാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടെന്നാണ് നടി ആരോപിക്കുന്നത്. റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ഉണ്ണി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്.

‘കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. നടിമാരെ രാത്രി ഹോട്ടലുകളില്‍ വിളിച്ച് സംവിധായകര്‍ ലൈംഗികകാര്യങ്ങള്‍ ആവശ്യപ്പെടുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും എനിക്ക് ഭയമില്ലായിരുന്നു. കാരണം അദ്ദേഹം അറിയപ്പെടുന്നൊരു സംവിധായകനാണ്.

ഒറ്റയ്ക്കായിരുന്നതുകൊണ്ട് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നിരുന്നാലും മനസില്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാന്‍ അയാളെ കാണാന്‍ പോയത്. രാത്രി 9 മണിക്കാണെങ്കിലും, ശുപാര്‍ശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് ഭയം തോന്നിയില്ല.

എന്നാല്‍ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാന്‍ അയാള്‍ എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നിട്ട് അയാള്‍ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയില്‍ സംവിധായകന്റെയോ, നിര്‍മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല’.–ദിവ്യ പറഞ്ഞു.

എന്നാല്‍ സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ ദിവ്യ തയ്യാറായില്ല. സിനിമയില്‍ റോള്‍ കിട്ടാതെ പിറ്റേന്ന് തന്നെ മുംബൈയ്ക്ക് വിമാനം കയറിയതായും ദിവ്യ പറയുന്നു.

മലയാളിയായ ദിവ്യ അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ല. മാതാപിതാക്കള്‍ മലയാളികള്‍ ആണെങ്കിലും കഴിഞ്ഞ അന്‍പത് വര്‍ഷമായി അവര്‍ മുംബൈയില്‍ സ്ഥിരതാമസമാക്കിയിട്ട്. നടന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ് ദിവ്യ ഉണ്ണി.