ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു: ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയോടുന്നു; എട്ട് ട്രെയിനുകള്‍ റദ്ദാക്കി

single-img
13 November 2017

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച കുറഞ്ഞുനിന്ന വിഷവാതക തോത് ഇന്ന് രാവിലെ വീണ്ടും സുരക്ഷ ലെവലില്‍ നിന്ന് ഏറെ ഉയര്‍ന്നതായാണ് വിവരം.

കേന്ദ്ര മലിനീകരണ ബോര്‍ഡിന്റെ കണക്കു പ്രകരം ഞായറാഴ്ച ശരാശരി 460 ആയിരുന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ഇന്ന് 468 ആയി ഉയര്‍ന്നു. അതേസമയം ചൊവ്വാഴ്ച അവസ്ഥ നേരിയ തോതില്‍ അനുകൂലമായേക്കുമെങ്കിലും ബുധനാഴ്ച പെയ്യാനിടയുള്ള ചെറിയ മഴ അവസ്ഥ വീണ്ടും രൂക്ഷമാക്കാനാണ് സാധ്യതയെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിലയിരുത്തല്‍.

താപനിലയിലുണ്ടായ കുറവും അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ വര്‍ധിച്ചതും കാറ്റിന്റെ ഗതിയില്‍ വന്ന വ്യത്യാസവുമാണ് പുകമഞ്ഞ് ഉയരാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് എല്ലാ സ്‌കൂളുകള്‍ക്കും ശനിയാഴ്ച വരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനു ശേഷവും മലിനീകരണം വര്‍ധിച്ചതിന്റെ കണക്കുകള്‍ പുറത്തുവന്നെങ്കിലും അവധി നീട്ടുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

ഗുഡ്ഗാവിലെ സ്‌കൂളുകള്‍ ഇനിയും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. പുകമഞ്ഞ് രൂക്ഷമായ സാഹചര്യത്തില്‍ എട്ട് ട്രെയിനുകള്‍ റദ്ദാക്കിയതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. 22 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 69 ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്.