ഗൾഫ് മേഖലയിലെ വൻ ഭൂചലനം: മരിച്ചവരുടെ എണ്ണം 65 ആയി

single-img
13 November 2017

ഇറാഖ് – ഇറാന്‍ അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് 65 പേര്‍ മരിച്ചു. ഇരു രാജ്യങ്ങളുടെയും അതിർത്തിയായ ഹാലബ്ജയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്.

ഇറാനിൽ നിന്നുള്ളവരാണ് മരിച്ചവരിൽ 61 പേരും. ഭൂചലനത്തെ തുടര്‍ന്ന് മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍, ഇറാഖ് രാജ്യങ്ങളുടെ പ്രതിനിധികള്‍ വ്യക്തമാക്കി. കുര്‍ദ് ടെലിവിഷന്‍ ചാനല്‍ സ്റ്റുഡിയോയിലും ഭൂചലനത്തെ തുര്‍ന്ന് പ്രകമ്പനമുണ്ടായി.
ഭൂചലനമുണ്ടായെന്ന വാർത്ത പരന്നതോടെ ജനങ്ങൾ വീടുകൾവിട്ട് കൂട്ടത്തോടെ തെരുവിലേക്കിറങ്ങി.

ഇറാനിലെ എട്ടോളം ഗ്രാമങ്ങളിൽ ഭൂചലനം നാശനഷ്ടം വിതച്ചു. കടകളും കെട്ടിടങ്ങളുമടക്കം തകർന്ന് വീഴുകയും വിവിധയിടങ്ങളിലെ ടെലിഫോൺ ബന്ധങ്ങളും മറ്റ് സംവിധാനങ്ങളും വിച്ഛേദിക്കപ്പെടുകയും ചെയ്തു. രക്ഷാ പ്രവർത്തനത്തിനെത്തിയ സുരക്ഷാ സേനാംഗങ്ങൾക്ക് ചിലയിടങ്ങളിലുണ്ടായ മണ്ണിടിച്ചിൽ തടസമായി.

ഹാലബ്ജയിലുണ്ടായ ഭൂചലനത്തിന്‍റെ തുടർ ചലനങ്ങൾ ഗൾഫ് മേഖലയിലും അനുഭവപ്പെട്ടിരുന്നു. യുഎഇ, കുവൈറ്റ് തുടങ്ങിയ ഇടങ്ങളിലും ശക്തമായ ഭൂചനം അനുഭവപ്പെട്ടിരുന്നു. പലയിടങ്ങളിലും കെട്ടിടങ്ങളുടെ ചില്ലുകൾ തകർന്നു വീണു. ഇതിനു പിന്നാലെ ആളുകൾ കൂട്ടത്തോടെ കെട്ടിടങ്ങൾ വിട്ട് പുറത്തേക്ക് ഓടുകയും ചെയ്തു. ‌ കുവൈറ്റിൽ താമസസ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചെന്നാണ് വിവരം.