ഐ.എച്ച്.ആര്‍.ഡി നിയമനം: വിഎസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

single-img
13 November 2017


തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാറിന് ഐഎച്ച്ആര്‍ഡിയില്‍ നിയമനം നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് വിജിലന്‍സ്. അരുണ്‍ കുമാറിനെ നിയമിച്ചതില്‍ ക്രമക്കേട് നടന്നിട്ടില്ല. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയി രവീന്ദ്രന്‍ നായരെ നിയമിച്ചതും വിജിലന്‍സ് ശരിവച്ചു.

തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. നിയമനത്തിന് അര്‍ഹമായ യോഗ്യതകള്‍ ഇരുവര്‍ക്കുമുണ്ടെന്നും അതിനാല്‍ തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നുമാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അരുണ്‍ കുമാറിനെ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടര്‍ ആയി നിയമിച്ചത് ഏറെ വിവാദമായിരുന്നു. വി.എസ് ആയിരുന്നു അന്ന് മുഖ്യമന്ത്രി. അരുണ്‍ കുമാര്‍ ചട്ടലംഘനം നടത്തിയതായി നേരത്തെ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വി.ഡി സതീശന്‍ അധ്യക്ഷനായ നിയമസഭാ കമ്മിറ്റി ആരോപണങ്ങള്‍ അന്വേഷിക്കുകയും നിയമനത്തില്‍ ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേസ് വിജിലന്‍സിന് വിട്ടത്. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ആണ് കേസ് അന്വേഷിച്ചത്. അഞ്ചു വര്‍ഷത്തോളം നീണ്ട അന്വേഷണത്തിനു ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

നേരത്തേ, അരുണ്‍കുമാര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിന്റെ അന്വേഷണം, ആരോപണത്തില്‍ കഴമ്പില്ലെന്നു വിലയിരുത്തി വിജിലന്‍സ് അവസാനിപ്പിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അരുണ്‍കുമാറിനെതിരെ 11 അന്വേഷണങ്ങള്‍ ആരംഭിച്ചത്.