ഭൂചലനത്തില്‍ മരണം 135 ആയി: രക്ഷാപ്രവര്‍ത്തനം തുടരുന്നു; കുവൈത്തിലും യുഎഇയിലും ഉള്ളവര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതര്‍

single-img
13 November 2017

ഇറാന്‍ ഇറാഖ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണം 135 ആയി. 129 പേരും കൊല്ലപ്പെട്ടത് ഇറാനിലാണ്. ആറു പേര്‍ ഇറാഖിലും മരിച്ചു. പ്രാദേശിക സമയം രാത്രി 9.20ന് ഇറാഖി കുര്‍ദിസ്ഥാനിലെ ഹലാബ്ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റര്‍ മാറിയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഇറാഖിലുണ്ടായ ശക്തമായ ഭൂചലനം മധ്യപൂര്‍വേഷ്യയെയും വിറപ്പിച്ചു. കുവൈത്ത്, യുഎഇ, ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

രാത്രി പ്രാദേശിക സമയം ഒമ്പതരയോടെയാണ് കുവൈത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. തുടര്‍ന്ന് ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് റോഡിലിറങ്ങി നിന്നു. രാജ്യത്ത് മലയാളികള്‍ തിങ്ങിപാര്‍ക്കുന്ന അബ്ബാസിയ, മങ്കാഫ്, റിഗ്ഗഇ, ഫര്‍വാനിയ, ഫഹാഹീല്‍ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ചിലയിടങ്ങളില്‍ കെട്ടിടങ്ങളിലെ ജനല്‍ ചില്ലകള്‍ തകര്‍ന്നു വീണു. ഭൂചലനത്തെ തുടര്‍ന്ന് അപകടങ്ങളോ നാശനഷ്ടങ്ങളോ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കുവൈത്ത് സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. ഷാര്‍ജയിലെ അല്‍ നഹ്ദ, അബുദാബിയിലെ റീം അയലന്റ്, ദുബായി ദേരയിലെ ചിലഭാഗങ്ങളിലുമാണ് സെക്കന്റുകള്‍ മാത്രം നീണ്ട ഭൂമികുലുക്കം ഉണ്ടായത്.

തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ ജനം ഭീതിയിലായി. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം ഇറാഖ് അതിര്‍ത്തിയില്‍നിന്ന് 15 കിലോമീറ്റര്‍ മാറിയുള്ള സര്‍പോളെ സഹാബ് നഗരത്തിലാണ് ഏറ്റവും കൂടുതല്‍ മരണം ഉണ്ടായിട്ടുള്ളതെന്ന് ഇറാന്റെ എമര്‍ജന്‍സി സര്‍വീസസ് മേധാവി പിര്‍ ഹുസൈന്‍ കൂലിവന്‍ഡ് അറിയിച്ചു. കുറഞ്ഞത് എട്ടു ഗ്രാമങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഇറാനിലെ റെഡ് ക്രസെന്റ് സംഘടനയുടെ മേധാവി മോര്‍ടെസ്സ സലിം ഔദ്യോഗിക ടെലിവിഷനായ ഐആര്‍ഐഎന്‍എന്നിനോട് അറിയിച്ചു. ചില ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണവും ടെലികമ്യൂണിക്കേഷന്‍ സംവിധാനവും തകര്‍ന്നിട്ടുമുണ്ട്.

മണ്ണിടിച്ചില്‍ ഉണ്ടായി റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തക സംഘത്തിനു ദുരന്തബാധിത പ്രദേശങ്ങളിലെത്താന്‍ താമസം നേരിട്ടിരുന്നു. റെഡ് ക്രസന്റിന്റെ 30 സംഘങ്ങളാണു ഭൂകമ്പ ബാധിത പ്രദേശത്തു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇറാഖിലെ സുലൈമാനിയ പ്രവിശ്യയില്‍ വീടുകള്‍ തകര്‍ന്നതിനെത്തുടര്‍ന്നു പരിഭ്രാന്തരായ ജനങ്ങള്‍ നഗരത്തിലേക്ക് ഇറങ്ങിയോടുന്നതു കണ്ടതായി രാജ്യാന്ത വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.