2022-ല്‍ ഇന്ത്യ പൂര്‍ണമായും രാമരാജ്യമാകും: യോഗി ആദിത്യനാഥ്

single-img
12 November 2017

ലഖ്‌നൗ: 2022-ല്‍ ഇന്ത്യ പൂര്‍ണമായും രാമരാജ്യമാകുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തിനായി പ്രയത്‌നിച്ച ഗുരു മഹന്ത് അവൈദ്യനാഥിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യത്തോട് അടുക്കുകയാണെന്നും യുപി മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തില്‍ ക്ഷേത്രത്തിന് തറക്കലിടണമെന്ന രീതിയിലാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2022-ാടുകൂടി മാലിന്യം, ദാരിദ്ര്യം, അരാജകത്വം എന്നിവയില്‍ നിന്നും രാജ്യത്തെ മുക്തമാക്കി രാമരാജ്യം സ്ഥാപിക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യമെന്ന് ആദിത്യനാഥ് പറഞ്ഞു. യോഗി ആദിത്യനാഥിന്റെ വിവാദമായ താജ്മഹല്‍ സന്ദര്‍ശനത്തെ സംബന്ധിച്ച ചോദ്യത്തോട് എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വികസനം കൊണ്ടുവരുമെന്നും അയോധ്യയെപ്പോലെ ആഗ്രയും അതിലുള്‍പ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ ക്രിമിനലുകളുടെ കയ്യില്‍ നിന്ന് രക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും ഇതിനു വേണ്ടി പൊലീസിനു എല്ലാ സ്വാതന്ത്ര്യങ്ങളും നല്‍കിയിട്ടുണ്ടെന്നും യോഗി പറഞ്ഞു. യു.പിയില്‍ വര്‍ധിച്ചുവരുന്ന ഏറ്റമുട്ടലുകളുടെ പശ്ചാത്തലത്തിലായിരുന്നു യോഗിയുടെ പ്രതികരണം.