സൗദിയില്‍ ബാങ്കുകള്‍ മുഖേനയുള്ള റെമിറ്റന്‍സ് ഇടപാടുകളുടെ സര്‍വീസ് ഫീസിന് അഞ്ച് ശതമാനം വാറ്റ്

single-img
12 November 2017

റിയാദ്: സൗദിയില്‍ ബാങ്കുകള്‍ മുഖേന നടത്തുന്ന റെമിറ്റന്‍സ് ഇടപാടുകളുടെ സര്‍വീസ് ഫീസില്‍ അഞ്ച് ശതമാനം വാറ്റ് ബാധകമാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് ടാക്‌സ്. വിദേശ തൊഴിലാളികള്‍ വിദേശത്തേക്ക് അയക്കുന്ന പണത്തിന് വാറ്റ് ബാധകമല്ല.

എന്നാല്‍ ഓരോ ഇടപാടിനും ബാങ്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുളള സര്‍വീസ് ചാര്‍ജിന് വാറ്റ് ബാധകവുമാണ്. പണം അടയ്ക്കുന്നവരില്‍ നിന്ന് സര്‍വീസ് ചാര്‍ജിന്റെ അഞ്ച് ശതമാനമായിരിക്കും ഈടാക്കുക. വാറ്റ് ബാധകമല്ലാത്ത ഉല്‍പ്പന്നങ്ങളുടെ വിശദാംശം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. അല്‍ റാജി ബാങ്ക് വഴി ഇന്ത്യയിലേക്ക് പണം അയക്കുന്നതിന് 18 റിയാലാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്.

വാറ്റ് ബാധകമാകുമ്പോള്‍ 90 ഹലാല അധികം നല്‍കേണ്ടി വരും. കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട്, കറന്‍സി ഇടപാട്, കറന്‍സി സെക്യൂരിറ്റി, വായ്പ, ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് ഇടാക്കുന്ന മാര്‍ജിന്‍ എന്നിവയ്ക്കും വാറ്റ് ബാധകമല്ല. ശമ്പളം, താമസത്തിനുളള കെട്ടിട വാടക എന്നിവയെയും വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സൗദിയില്‍ അടുത്ത വര്‍ഷം ജനുവരി 18 മുതലാണ് നികുതി നിലവില്‍ വരുന്നത്.