അൽവാറിൽ വീണ്ടും പശുവിന്റെ പേരിൽ അരുംകൊല: പശുവിനെയും കൊണ്ടു പോകുകയായിരുന്ന മുസ്ലീം യുവാവിനെ വെടിവെച്ചുകൊന്നു

single-img
12 November 2017

വിവാദമായ പെഹ്ലുഖാൻ കൊലപാതകത്തിനു ശേഷം രാ‍ജസ്ഥാനിലെ അൽവാറിൽ വീണ്ടും പശുവിന്റെ പേരിൽ കൊലപാതകം. കന്നുകാലികളുമായി വാഹനത്തിൽ പോകുകയായിരുന്ന മൂന്നു മുസ്ലീം യുവാക്കളെ ആൾക്കൂട്ടം ആക്രമിക്കുകയും അതിലൊരാളെ വെടിവെച്ചുകൊല്ലുകയും ചെയ്തു.

അൽവാർ ജില്ലയിലെ ഗോവിന്ദ് ഗഢിനടുത്തുള്ള ഫഹരി ഗ്രാമത്തിൽ വെള്ളിയാഴ്ച്ചയാണു അരുംകൊല അരങ്ങേറിയത്.  ഹരിയാനയിലെ മേവാതിൽ നിന്നും രാജസ്ഥാനിലെ ഭരത്പൂരിലേയ്ക്ക് കന്നുകാലികളേയും കൊണ്ടുവന്ന വാഹനം ഗോരക്ഷകരുടെ നേതൃത്വത്തിലുള്ള ആൾക്കൂട്ടം തടയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരെയും ആൾക്കൂട്ടം ക്രൂരമായി മർദ്ദിക്കുകയും അതിലൊരാളെ വെടിവെച്ചുകൊല്ലുകയും ചെയ്തു. ഉമ്മർ ഖാൻ എന്നയാളാണു കൊല്ലപ്പെട്ടത്. മറ്റുരണ്ടുപേർ ഓടിരക്ഷപ്പെട്ടു.

മേവാത് മേഖലയിലുള്ള മിയോ എന്ന മുസ്ലീം ഗോത്രത്തിൽപ്പെട്ടയാളുകളാണു ആക്രമിക്കപ്പെട്ടത്. സംഭവം മേഖലയിലെ മുസ്ലീം സമുദായത്തിനിടയിൽ വലിയ പ്രതിഷേധം ഉയരാൻ കാരണമായിട്ടുണ്ട്. കൊലപാതകവും അക്രമവും അരങ്ങേറിയത് പോലീസിന്റെ ഒത്താശയോടെയാണെന്നു ആക്രമിക്കപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചു. ആൾക്കൂട്ടത്തിന്റെ അക്രമം പോലീസ് കയ്യും കെട്ടി നോക്കിനിൽക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ഉമ്മർ ഖാനെ കൊലപ്പെടുത്തിയ ശേഷം അക്രമികൾ, മൃതദേഹം ഓടുന്ന തീവണ്ടിയ്ക്ക്  മുന്നിൽ വലിച്ചെറിഞ്ഞു. അപകടമരണമാണെന്ന് വരുത്തിത്തീർക്കാനാണു ഇപ്രകാരം ചെയ്തത്. തീവണ്ടി കയറി തലയും മറ്റു ശരീരഭാഗങ്ങളും ചതഞ്ഞരഞ്ഞുപോയെങ്കിലും വെടികൊണ്ട മുറിവും വെടിയുണ്ടയും ശരീരത്തിൽ അവശേഷിച്ചിരുന്നു. പോലീസ് പിന്നീട് ഈ മൃതദേഹം ഷെഹർ ആശുപത്രി മോർച്ചറിയിൽ എത്തിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിയ ഉമ്മറിന്റെ ബന്ധുക്കൾ അയാളുടെ ചെരിപ്പ് കണ്ടാണു ശരീരം തിരിച്ചറിഞ്ഞത്. ഉമ്മറിനു ഭാര്യയും എട്ടുമക്കളുമുണ്ട്.

സംഭവത്തിൽ ഇതുവരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനോ അന്വേഷണം നടത്താനോ പോലീസ് തയ്യാറായിട്ടില്ല.