ഭാര്യയുമായി കൂടിക്കാഴ്ച നടത്തുന്നത് കുല്‍ഭൂഷണ്‍ ജാദവിന്റെ മനോവീര്യം വര്‍ദ്ധിപ്പിക്കുമെന്ന് നിര്‍മല സീതാരാമന്‍

single-img
12 November 2017

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവ് ഭാര്യയുമായി കൂടിക്കാഴ്ച നടത്തുന്നത് അദ്ദേഹത്തിന്റെ മനോവീര്യം വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍. കുല്‍ഭൂഷണിന്റെ മോചനത്തിന് വേണ്ടി ഞങ്ങള്‍ പരമാവധി ശ്രമിക്കുകയാണെന്നും ഇതിന് നിരവധി നടപടിക്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാകിസ്താന്റേത് മനുഷ്യത്വപരമായ നടപടിയാണെന്നും പ്രതിരോധ മന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഭാര്യയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അദ്ദേഹത്തിന് അനുമതി ലഭിച്ചത്. മാനുഷിക പരിഗണന കണക്കിലെടുത്തായിരുന്നു പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. ഇതാദ്യമായാണ് കുല്‍ഭൂഷണിന്റെ ബന്ധുക്കളില്‍ ഒരാള്‍ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കുന്നത്.

നേരത്തെ അദ്ദേഹത്തിന്റെ മാതാവ് മകനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാകിസ്ഥാന്‍ പ്രതികരിച്ചിരുന്നില്ല. ചാരവൃത്തിയും ഭീകരപ്രവര്‍ത്തനവും നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചത്. കുല്‍ഭൂഷണെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്ക് അനുമതി നല്‍കണമെന്ന ആവശ്യം ഇന്ത്യ പലതവണ പാകിസ്താനു മുന്നില്‍ ഉന്നയിച്ചിരുന്നു.

ഇപ്പോള്‍ ഇന്ത്യാ പാക് വിദേശകാര്യ വകുപ്പുകള്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി ഉന്നയിച്ച് ഒരുമാസം കഴിഞ്ഞപ്പോഴാണ് കുല്‍ഭൂഷണന്‍ ജാധവും ഭാര്യയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങിയത്. കഴിഞ്ഞ ജൂലൈ മുതല്‍ ജാധവിനെ കാണാന്‍ അദ്ദേഹത്തിന്റെ കുടുംബാഗംങ്ങളെ പാകിസ്താനിലെത്തിക്കാന്‍ ഇന്ത്യ ശ്രമിച്ചുവരികയായിരുന്നു. എന്നാല്‍ വിസാ അപേക്ഷയോട് പാക് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നില്ല. വിഷയത്തില്‍ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവിന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തിപരമായി കത്തയയ്ക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ ഭാഗത്തുനിന്ന് 15 തവണ വിസാ അപേക്ഷകള്‍ നല്‍കിയെങ്കിലും അവയൊക്കെ നിരസിക്കപ്പെടുകയായിരുന്നു. കുല്‍ഭൂഷണ് നിയമ സഹായം ലഭ്യമാക്കാന്‍ അനുമതി നല്‍കണമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ നല്‍കിയ അപേക്ഷയ്ക്കും പാകിസ്താന്റെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണമായിരുന്നില്ല ലഭിച്ചിരുന്നത്.