കിം ജോങ് ഉന്നിന് ചുട്ട മറുപടിയുമായി ട്രംപ് രംഗത്ത്; താനൊരിക്കലും നിങ്ങളെ തടിയനെന്നോ കുള്ളനെന്നോ വിളിച്ച് പരിഹസിച്ചിട്ടില്ലല്ലോ

single-img
12 November 2017

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിനെ താനൊരിക്കലും തടിയനെന്നോ കുള്ളനെന്നോ വിളിച്ച് പരിഹസിച്ചിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പിന്നെന്തിനാണ് നിങ്ങള്‍ തന്നെ വയസ്സനെന്ന് വിളിച്ച് അധിക്ഷേപിച്ചതെന്നും ട്രംപ് ചോദിച്ചു. ട്രംപിന്റേത് പഴയ ഭ്രാന്തന്റെ പ്രസംഗമാണെന്ന കിം ജോംഗ് ഉന്നിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് ട്രംപ് രംഗത്തെത്തിയത്.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു ട്രംപിന്റെ മറുപടി. താനദ്ദേഹത്തിന്റെ സുഹൃത്താകാന്‍ ശ്രമിക്കുകയാണെന്നും ഒരിക്കല്‍ അത് സംഭവിക്കുമെന്നും ട്രംപ് പറഞ്ഞു. ഉത്തര കൊറിയക്കെതിരെ ആഗോളതലത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഏഷ്യന്‍ പര്യടനത്തിലാണ് ട്രംപ്. നേരത്തെ തങ്ങളെ വിലകുറച്ച് കാണരുതെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിങ്ങള്‍ സംഭരിച്ചുവെച്ച ആയുധങ്ങള്‍ നിങ്ങളുടെ രക്ഷക്കെത്തില്ലെന്നും ദക്ഷിണ കൊറിയന്‍ അസംബ്ലിയില്‍ പ്രസംഗിക്കവെ ട്രംപ് ഉത്തരകൊറിയക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ വയസനായ ഒരാളുടെ ഭ്രാന്തന്‍ പ്രസംഗം എന്നായിരുന്നു കിം ജോംഗ് ഉനിന്റെ മറുപടി. ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അതോടൊപ്പം സാമ്പത്തിക സുരക്ഷയും വര്‍ധിപ്പിക്കുമെന്നും ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.