ഗൗരി ലങ്കേഷ് വധം: പ്രതികളെക്കുറിച്ച് നിര്‍ണായക തെളിവ് ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി

single-img
12 November 2017

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. പ്രതികളെക്കുറിച്ച് നിര്‍ണായക തെളിവുലഭിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം പ്രതികളുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് എല്ലാ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടുമെന്നകാര്യം ഉറപ്പാണ്. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും എല്ലാ തെളിവുകളും ലഭിക്കാത്തതിനാലാണ് അറസ്റ്റ് വൈകുന്നത്മന്ത്രി പറഞ്ഞു. ധാബോല്‍ക്കര്‍, പന്‍സാരെ വധക്കേസുകള്‍പോലെ അന്വേഷണം വഴിമുട്ടില്ലെന്നും ലങ്കേഷിന്റെ ഘാതകരെ പിടികൂടുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജരാജേശ്വര നഗറിലെ വീടിനു മുന്നില്‍ സെപ്റ്റംബര്‍ അഞ്ചിനാണു കന്നഡ വാരിക ‘ഗൗരി ലങ്കേഷ് പത്രികെ’ എഡിറ്ററായ ഗൗരി ലങ്കേഷ് മൂന്നംഗ സംഘത്തിന്റെ വെടിയേറ്റു മരിച്ചത്. ബാനസവാടിയിലെ ഓഫിസില്‍നിന്നു രാത്രി ഏഴരയോടെ ഇറങ്ങിയ ഗൗരിയെ കാറില്‍ ഒരു സംഘം പിന്തുടര്‍ന്നിരുന്നു. വീട്ടിലെത്തിയ ഗൗരി കാര്‍ പാര്‍ക്കു ചെയ്തശേഷം വീടിന്റെ വാതില്‍ തുറക്കുന്നതിനിടെയായിരുന്നു ആക്രമണം. തലയ്ക്കും നെഞ്ചിലുമായി മൂന്നു വെടിയേറ്റ ഗൗരി സംഭവസ്ഥലത്തുതന്നെ മരിച്ചു.