പട്ടികജാതിക്കാരുടെ പേരില്‍ സിപിഎം നേതാവ് വ്യാജരേഖ ചമച്ചും ആൾമാറാട്ടം നടത്തിയും ഏക്കറുകണക്കിന് ഭൂമി സ്വന്തമാക്കി

single-img
12 November 2017

ചിത്രത്തിന് കടപ്പാട്: മാതൃഭൂമി

തൊടുപുഴ: കൊട്ടക്കമ്പൂരില്‍ പട്ടികജാതിക്കാരുടെ പേരില്‍ വ്യാജരേഖ ചമച്ചു സിപിഎം നേതാക്കള്‍ ഭൂമി കൈവശപ്പെടുത്തിയതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയുന്നു. പെരുമ്പാവൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറും സിപിഎം നേതാവുമായ ജോണ്‍ ജേക്കബ് വ്യാജരേഖകള്‍ ചമച്ചും ആള്‍മാറാട്ടം നടത്തിയും 52 ഏക്കര്‍ ഭൂമി സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊട്ടക്കമ്പൂരിലെ ഭൂമിയുടെ രജിസ്‌ട്രേഷന്‍ എറണാകുളം ജില്ലയിലെ സബ് രജിസട്രാര്‍ ഓഫിസില്‍ നടത്തിയായിരുന്നു തട്ടിപ്പ്. രജിസ്‌ട്രേഷനായി യഥാര്‍ത്ഥ ഉടമകളെന്ന വ്യാജേന തന്റെ ജീവനക്കാരെയാണു ജോണ്‍ ജേക്കബ് ഹാജരാക്കിയത്.

13 പട്ടികജാതിക്കാരായ കര്‍ഷകരുടെ പേരില്‍ വ്യാജപട്ടയമുണ്ടാക്കി 52 ഏക്കര്‍ ഭൂമിയാണ് ജോണ്‍ ജേക്കബും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്നു സ്വന്തമാക്കിയത്. ജോണ്‍ ജേക്കബ് എംഡിയായ റോയല്‍ അഗ്രികള്‍ച്ചറല്‍ കമ്പനിയുടെ കൈവശമാണു ഭൂമിയുള്ളത്. ഭൂമി കൈമാറ്റത്തിനായി ഒരു ദിവസം തന്നെ 35 പവര്‍ ഓഫ് അറ്റോണി വരെ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. 2004 ജൂണ്‍ 28ാം തീയതിയായിരുന്നു രജിസ്‌ട്രേഷന്‍.

ജോണ്‍ ജേക്കബിന്റെ 13 ജോലിക്കാരാണു ഭൂമിയുടെ അവകാശികളായ പട്ടികജാതിക്കാരുടെ വേഷം കെട്ടിയത്. ഇവരെ തലേദിവസം ജോണ്‍ ജേക്കബിന്റെ ഉടമസ്ഥതയിലുള്ള പെരുമ്പാവൂരിലെ ഫ്‌ലാറ്റിലാണു താമസിപ്പിച്ചത്. ദേവികുളത്ത് രജിസ്‌ട്രേഷന്‍ നടത്തിയാല്‍ തട്ടിപ്പു പുറത്താകുമെന്ന കാരണത്താലാണു കുറുപ്പംപടി സബ് രജിസ്ട്രാര്‍ ഓഫിസ് തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

പിന്നീട് 2004 ജൂണ്‍ 30നു ദേവികുളം റജിസ്ട്രാര്‍ ഓഫിസില്‍ വച്ച് ഇതേ ഏജന്റുമാര്‍ ഭൂമി ജോണ്‍ ജേക്കബിന്റെയും ഭാര്യയുടെയും പേരിലുള്ള റോയല്‍ അഗ്രികല്‍ച്ചറല്‍ കമ്പനിക്കു തീറാധാരം രജിസ്റ്റര്‍ ആക്കി നല്‍കി. സമാനമായ രീതിയില്‍ ജോണ്‍ ജേക്കബിന്റെ സഹോദരങ്ങളും പിതാവും നൂറേക്കറിലേറെ ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കാര്യമുണ്ടായില്ല. മന്ത്രി എം.എം. മണിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവു കൂടിയാണ് ജോണ്‍ ജേക്കബ്.