മലപ്പുറത്ത് മഹല്ല് കമ്മിറ്റിക്കെതിരെ പരാതിയുമായി അഞ്ചു കുടുംബങ്ങള്‍: പള്ളിയിലെ കണക്ക് ചോദിച്ചതിന്റെ പേരില്‍ ഊരുവിലക്കിയെന്ന് ആരോപണം

single-img
11 November 2017

മലപ്പുറം: മലപ്പുറം വളവന്നൂര്‍ കന്മനത്തെ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിക്കെതിരെ പരാതിയുമായി അഞ്ചു കുടുംബങ്ങള്‍. സാമ്പത്തിക ഇടപാടുകളുടെ കണക്ക് ചോദിച്ചതിന്റെ പേരില്‍ മഹല്ല് കമ്മിറ്റി ഊരുവിലക്കുന്നുവെന്നാണ് ഇവരുടെ പരാതി. ഇതുസംബന്ധിച്ച് ഇവര്‍ വഖഫ് ബോര്‍ഡില്‍ പരാതി നല്‍കി.

മഹല്ലിലെ കണക്ക് ചോദിച്ചതോടെ തന്റെ കുടുംബത്തെ ഊരുവിലക്കിയെന്ന്് കന്മനം സ്വദേശിയായ മുഹമ്മദ് നല്‍കിയ പരാതിയില്‍ പറയുന്നു. വിലക്ക് ലംഘിച്ച് തങ്ങളുമായി സഹകരിച്ചതിന്റെ പേരിലാണ് സമീപത്തെ നാലുകുടുംബങ്ങളെ കൂടി ഊരുവിലക്കിയത്.

മകനുവന്ന വിവാഹാലോചനകളെല്ലാം മഹല്ലിലെ ആളുകള്‍ മുടക്കിയെന്നും അവസാനം സഹോദരന്റെ മകളെ വിവാഹം ചെയ്തപ്പോള്‍ ആരും സഹകരിച്ചില്ലെന്നും മുഹമ്മദ് പരാതിപ്പെട്ടു.

എന്നാല്‍ പരാതി അടിസ്ഥാനമില്ലാത്തതാണെന്നാണ് മഹല്ല് കമ്മിറ്റിയുടെ വിശദീകരണം. ആരേയും ഊരുവിലക്കിയിട്ടില്ലെന്നും സ്ഥിരം കേസുകളും പരാതികളുമായി നടക്കുന്നവരാണ് മഹല്ല് കമ്മിറ്റിയെ അപമാനിക്കാന്‍ ശ്രമിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. പരാതി ഇപ്പോള്‍ വഖഫ് ബോര്‍ഡിന്റെ പരിഗണനയിലാണ്.