ഐഎസില്‍ ചേര്‍ന്ന ഭര്‍ത്താവ് കൊല്ലപ്പെട്ടു: സിറിയയില്‍ നിന്ന് കണ്ണൂര്‍ സ്വദേശിയായ യുവാവിന്റെ ഭാര്യയും മക്കളും പൊട്ടിക്കരയുന്ന ശബ്ദരേഖ പുറത്ത്

single-img
11 November 2017


കണ്ണൂര്‍: ഐഎസിനൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ മലയാളികള്‍ സിറിയയില്‍ എത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതായി പോലീസ്. സിറിയയിലെത്തിയവര്‍ വീട്ടുകാര്‍ക്കയച്ച ശബ്ദസന്ദേശങ്ങള്‍ പോലീസിന് ലഭിച്ചു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ഷജില്‍ യുദ്ധത്തില്‍ വെടിയേറ്റു മരിച്ചതായുള്ള വിവരം സിറിയയില്‍ നിന്നു ഭാര്യ ബന്ധുക്കളെ അറിയിക്കുന്നതിന്റെ ശബ്ദ സന്ദേശം ലഭിച്ചതായി ഡിവൈഎസ്പി പി.പി.സദാനന്ദന്‍ സ്ഥിരീകരിച്ചു.

ഷജില്‍ ഇറാഖി സൈന്യത്തിന്റെ വെടിയേറ്റാണ് മരച്ചതെന്ന് ഭാര്യ ഹഫ്സിയ പറയുന്നതിന്റെ സൗണ്ട് ക്ലിപാണു ലഭിച്ചത്. ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ട നിരവധി സ്ത്രീകള്‍ സിറിയയിലുള്ളതായും സന്ദേശത്തില്‍ ഹഫ്സിയ പറയുന്നുണ്ട്. പരിഭ്രാന്തയായി പൊട്ടിക്കരഞ്ഞു കൊണ്ടാണു ഹഫ്സിയ സംസാരിക്കുന്നത്.

ഷജിലിന്റെ ഭാര്യയും രണ്ട് കുട്ടികളും ഇപ്പോഴും സിറിയയിലുണ്ട്. കൂടാതെ വളപട്ടണം സ്വദേശിയായ മനാഫും ഐ.എസിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട ഷജിലിന്റെ സുഹൃത്താണ് മനാഫ്. ഷജില്‍ കൊല്ലപ്പെട്ടതിനാല്‍, ഷജില്‍ തരാനുള്ള പണം താന്‍ തരാമെന്നു പറഞ്ഞ് മനാഫ് സുഹൃത്തിനെ വിളിച്ചതിന്റെ രേഖകളും പൊലീസിനു ലഭിച്ചിട്ടുണ്ട്.

സുഹൃത്തിന്റെ ഗള്‍ഫിലെ അക്കൗണ്ടിലേക്കു പണമിടാമെന്നു മനാഫ് പറഞ്ഞെങ്കിലും അക്കൗണ്ട് നമ്പര്‍ കൊടുക്കാന്‍ സുഹൃത്ത് തയാറായില്ല. ചെക്കിക്കുളം സ്വദേശിയായ അബ്ദുള്‍ ഖയ്യും യുദ്ധമേഖലയില്‍ നിന്ന് വീട്ടിലേക്ക് അയച്ച ശബ്ദസന്ദേശവും പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഇയാള്‍ ഐ.എസ് യൂണിഫോമുമിട്ട് തോക്കുമായി നില്‍ക്കുന്ന ചിത്രവും പോലീസ് കണ്ടെടുത്തു.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ അറസ്റ്റിലായ സംഘത്തിലെ റാഷിദ്, മിഥിലാജ് എന്നിവര്‍ സിറിയയില്‍ പോയി വന്നതിന്റെ തെളിവും പോലീസിന് ലഭിച്ചു. അതേസമയം ഗള്‍ഫിലെ വിസ്ഡം ഗ്രൂപ്പിലെ പ്രവര്‍ത്തനകാലത്താണു പലരും ഐഎസിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നു വ്യക്തമായിട്ടുണ്ടെങ്കിലും വിസ്ഡം ഗ്രൂപ്പിന് ഔദ്യോഗികമായി അത്തരം ബന്ധങ്ങളുള്ളതായി സൂചനയില്ലെന്നു ഡിവൈഎസ്പി പറഞ്ഞു. സംഘടനയുടെ നിലപാട് ഐഎസിനെതിരാണ്. ആ ഗ്രൂപ്പിനെ ദുരുപയോഗം ചെയ്തതായാണു കരുതുന്നതെന്നും പൊലീസ് അറിയിച്ചു.