സോളാര്‍ റിപ്പോര്‍ട്ടില്‍ സരിത കള്ളം പറഞ്ഞിട്ടില്ല; നടിയെ ആക്രമിച്ച കേസില്‍ ഡിജിപിയെയും കൂടി ക്രിമിനല്‍ കേസ് പ്രതിയാക്കണം; ലൗ ജിഹാദ് നിസാര കാര്യമല്ല: ഇ വാര്‍ത്തയോട് പി.സി. ജോര്‍ജ്ജ്

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സത്യസന്ധമായ റിപ്പോര്‍ട്ടാണെന്ന് ജനപക്ഷനേതാവ് പി.സി. ജോര്‍ജ്ജ് എം.എല്‍.എ. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഒരു കള്ളവും കാണിച്ചിട്ടില്ല. റിപ്പോര്‍ട്ടില്‍ ശരിയേത് തെറ്റേത് എന്ന് എനിക്ക് നന്നായി അറിയാം. സരിത കള്ളം പറഞ്ഞതായി റിപ്പോര്‍ട്ട് കണ്ടപ്പോള്‍ തോന്നിയില്ല.

എന്നു മാത്രമല്ല സരിത ചില ആളുകളെ രക്ഷിച്ചതല്ലാതെ ആരെയും ശിക്ഷിച്ചിട്ടില്ല. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണം. തെറ്റു ചെയ്തവന്‍ ശിക്ഷിക്കപ്പെടും. ഓരോ പകല്‍ മാന്യന്മാര്‍ ഒരു സ്ത്രീയെന്ന പരിഗണന പോലും കൊടുക്കാതെ ഒരു ഉപയോഗ വസ്തുവായി സരിതയെ കണ്ടു.

അതിനെതിരെ കേരള സമൂഹം മുഴുവന്‍ പ്രതികരിക്കുകയും നടപടിയുണ്ടാവുകയും ചെയ്തു. നിയമസഭയില്‍ റിപ്പോര്‍ട്ട് വെച്ച പിണറായി വിജയന്റെ ആര്‍ജ്ജവത്തോട് ബഹുമാനം തോന്നിയെന്നും ഇ വാര്‍ത്ത സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് റവ. ഫാദര്‍. യാബേസ് പീറ്ററുമായി നടത്തിയ അഭിമുഖത്തില്‍ പി.സി. ജോര്‍ജ്ജ് പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം:

ചോദ്യം: ആര്‍ഷഭാരതത്തില്‍ മാധ്യമങ്ങള്‍ മാത്രമല്ല, പൗരസ്വാതന്ത്ര്യം, വിവരാവകാശ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. ഭീതിജനകമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ ?

ഉത്തരം:

വളരെ നല്ല ചോദ്യം. നൂറു ശതമാനം സത്യമായ കാര്യങ്ങള്‍. ഇന്ത്യ പോലെ ജനാധിപത്യരാജ്യത്തില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്ന കാലഘട്ടം ഇതു പോലെ വേറെ ഉണ്ടായിട്ടില്ല. ശബ്ദിക്കുവരുടെ ശബ്ദം ഇല്ലാതാക്കാന്‍ ഇവിടുത്തെ കോര്‍പ്പറേറ്റുകളും സമ്പന്നന്മാരും രാഷ്ട്രീയ നേതാക്കന്മാരും പങ്കാളികളാണ്. ഇവിടെ അഴിമതിക്കെതിരെ ആരു മിണ്ടിയാലും അവനെ ശരിയാക്കാന്‍ രാഷ്ട്രീയക്കാരും പണമോഹികളായി നേതാക്കന്മാര്‍ മാറി. ഇതാണ് ഏറ്റവും ദുഃഖകരമായ സംഭവം. അതു കൊണ്ടെന്താ! ജനങ്ങളെ സംരക്ഷിക്കേണ്ട പൊതുപ്രവര്‍ത്തകര്‍ പോലും അഴിമതിയിലാണ്. അവരുടെ അഴിമതിയും ബലാത്സംഗവും തട്ടിപ്പും പുറത്തു വരാതിരിക്കാന്‍ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും നിശ്ശബ്ദമാക്കുകയാണ്. (ഗൗരി ലങ്കേഷിന്റെ കൊലപാതകം ഉദാഹരണമാണ്.) രണ്ടാം സ്വാതന്ത്ര്യത്തിന് ഇന്ത്യയില്‍ സമയമായി. അതിന് ചെറുപ്പക്കാര്‍ മുന്നോട്ടു വരണം. ആ ചെറുപ്പകാര്‍ക്കൊപ്പം ഞാനും എന്റെ പാര്‍ട്ടിയും നിലകൊള്ളും.

ചോദ്യം:
ബീഫ് നിരോധനം, ലൗ ജിഹാദ്, ദേശീയത ഇതൊക്കെ അധികാരം നേടുവാനും നിലനിര്‍ത്തുവാനും വേണ്ടി മാത്രമാണെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ ?

ഉത്തരം:
അങ്ങനെ മാത്രം തോന്നുന്നില്ല. ബീഫ് നിരോധനം, ബി.ജെ.പിയുടെ ഒരു വര്‍ഗ്ഗീയ അജണ്ടയാണ്. ലൗ ജിഹാദ് നിസാര കാര്യവുമല്ല. സ്‌നേഹിച്ച് മതം മാറ്റി പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ എന്താ ഇത്ര ആഗ്രഹം. സ്വന്തം സമുദായത്തിലെ പെണ്‍കുട്ടികളേക്കാള്‍ സൗന്ദര്യം കുറഞ്ഞ മറ്റു സമുദായത്തിലെ പെകുട്ടികളെ പ്രേമിച്ച് കല്യാണം കഴിഞ്ഞ ഉടനെ സിറിയയിലേക്ക് പോകണമെന്ന് പറയുന്നത് ലൗ ജിഹാദിന്റെ പേരിലായാലും ശക്തമായി എതിര്‍ക്കണം. ഏതൊക്കെയോ വിദേശ ശക്തികള്‍ ഇവിടെയുണ്ട്. സംശയമില്ല അത് രാജ്യത്തിനും ലോകത്തിനും അപകടമാണ്. ആ ഭീകര പ്രസ്ഥാനങ്ങളെ അമര്‍ച്ച ചെയ്യാന്‍ ശക്തമായ ഭരണനേതാക്കന്മാരും ജനങ്ങളും മുന്നോട്ടു വരണം.

ചോദ്യം:
തിരുവനന്തപുരം ജില്ലയിലെ കോവളം കൊട്ടാരം വിറ്റത് ശരിയല്ലായെന്നും കോഴിക്കോട് ചക്കിട്ടപ്പാറയില്‍ സമരം ചെയ്യുകയും ചെങ്ങറയില്‍ ദളിതര്‍ക്കു വേണ്ടി സമരം ചെയ്യുകയും വിഴിഞ്ഞം പദ്ധതി ലോകത്തിലെ ഏറ്റവും വലിയ തുറമുഖമാകേണ്ടതാണെന്നും അധികാരികള്‍ വിറ്റു തുലച്ചെന്നും അതിനെതിരെ പോരാടുകയും ഇങ്ങനെയുള്ള ഒറ്റയാള്‍ പ്രകടനങ്ങള്‍ കൊണ്ട് മാറ്റങ്ങള്‍ ഉണ്ടാകുമോ ?

ഉത്തരം:
അങ്ങ് ഇവിടെ പറഞ്ഞ കാര്യങ്ങള്‍ നൂറു ശതമാനം സത്യമായ കാര്യമാണ്. കോവളം കൊട്ടാരം ഒരു കൊല്ലത്തുള്ള മുതലാളിക്ക് വിറ്റുതുലച്ചു. വിഴിഞ്ഞം പദ്ധതി അത്യാവശ്യമാണ്. എന്നാല്‍ അദാനി ഗ്രൂപ്പിന് തീറെഴുതി കൊടുത്തത് ശരിയായില്ല. അദാനി ഗ്രൂപ്പ് വന്ന് അവിടെ വര്‍ക്ക് തുടങ്ങുമ്പോള്‍ സമീപത്തെ പാവപ്പെട്ടവരുടെ വീടുകള്‍ കുലുങ്ങുന്നു. സ്ഥലം ഒഴിഞ്ഞു പോകുവര്‍ക്ക് നല്ല പാക്കേജ് കൊടുക്കുന്നില്ല, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ തഴയുന്നു. കക്ക വാരുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം തകരുന്നു. ആയിരകണക്കിന് തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതായി. അതിന് ഞാന്‍ എതിരാണ്. എന്നാല്‍ പോര്‍ട്ട് വരേണ്ടത് ഏറ്റവും ആവശ്യമാണ്.

ചോദ്യം:
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ അറസ്റ്റ് കഴിഞ്ഞ് അദ്ദേഹത്തെ അനുകൂലിച്ച് പ്രസ്താവന നടത്തിയത് വളരെ കുറച്ചു പേരാണ്. അതില്‍ പ്രാധാന്യം അങ്ങ് നടത്തിയ പ്രസ്താവനയാണ്. താങ്കള്‍ പറഞ്ഞത് ഇങ്ങനെയൊരു പാപം ദിലീപ് ഒരിക്കലും ചെയ്യില്ല. ഇതൊരു കള്ളക്കേസാണ്. പോലീസിനെ മറികടന്ന് ദിലീപിനെ ന്യായീകരിക്കുവാന്‍ എന്ത് തെളിവാണ് താങ്കളുടെ പക്കലുള്ളത്.

ഉത്തരം:
വ്യക്തമായി എനിക്ക് ബോധ്യപ്പെട്ടതു കൊണ്ടാണ് അങ്ങനെ ഒരു കമന്റ് പറഞ്ഞത്. കേരളത്തിലെ ഏറ്റവും പ്രമുഖനായ ഒരു നടനാണ് ദിലീപ്. അദ്ദേഹത്തെ ഇങ്ങനെ പിടിച്ചിട്ടിരിക്കുന്നത് ശരിയല്ലെന്നും കമന്റ് പറഞ്ഞു. എന്നാല്‍ ചില വ്യക്തികള്‍ ആ കമന്റില്‍ കയറി പിടിച്ചപ്പോള്‍ അതിന്റെ സത്യം കണ്ടെത്തേണ്ടി വന്നു എനിക്ക്. സുനിയെ പോലെ ഒരു ക്രിമിനല്‍ പറഞ്ഞതു പ്രകാരം മാന്യനായ ഒരു നടനെ പിടിച്ച് ജയിലിലിട്ടത് ശരിയായില്ല. ദിലീപിന്റെ കൂട്ടുകാരനായ നാദിര്‍ഷായെ ഫോണില്‍ വിളിക്കുകയും കാശ് ആവശ്യപ്പെടുകയും ചെയ്തു. നാദിര്‍ഷ അപ്പോള്‍ തന്നെ ദിലീപിനെ അറിയിച്ചു. ദിലീപ് ഡി.ജി.പിയെയും അറിയിച്ചു. ഡി.ജി.പി മിണ്ടാതിരിക്കാന്‍ നോക്കി. ഇതിനെക്കുറിച്ച് ഡി.ജി.പിക്ക് ഒന്നും അറിയില്ലെന്നു പറഞ്ഞു. ഇപ്പോള്‍ ഒരു ചാനല്‍ ഡി.ജി.പിയുടെ സംഭാഷണം മുഴുവന്‍ പുറത്തുവിട്ടു. ഡി.ജി.പിയെയും കൂടി ക്രിമിനല്‍ കേസില്‍ പ്രതിയാക്കേണ്ട അവസ്ഥയാണ്. ഈ കാട്ടാളത്തം ചെയ്തവന്‍ സമൂഹത്തില്‍ ഒറ്റപ്പെടുകയും ജയിലില്‍ കിടക്കേണ്ട വ്യക്തിയാണ് സുനി.

ചോദ്യ:
സോളാര്‍ കമ്മീഷനും തുടര്‍ നടപടികളും ഇന്ന് നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടിന്മേലും സരിത എസ്. നായരുടെ പരാതിയിന്മേലുമുള്ള അങ്ങയുടെ നിലപാടുകള്‍ എന്താണ് ?

ഉത്തരം:
ആ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഒരു കളവും കാണിച്ചിട്ടില്ല. സത്യസന്ധമായ റിപ്പോര്‍ട്ടാണ്. ആ കാര്യത്തില്‍ ബഹുമാനപ്പെട്ട പിണറായി വിജയന്റെ ആര്‍ജ്ജവത്തോട് ബഹുമാനം തോന്നി. കാരണം കേരളത്തില്‍ ഒരു കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നാല്‍ നിയമസഭയില്‍ വെച്ച് നിയമസഭയിലെ ഉത്തരവാദിത്തങ്ങളില്‍ മുഖ്യമന്ത്രി ആര്‍ജ്ജവം കാണിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശരിയേത് തെറ്റ് ഏതെന്ന് എനിക്ക് നന്നായി അറിയാം. സരിത കള്ളം പറഞ്ഞതായി റിപ്പോര്‍ട്ട് കണ്ടപ്പോള്‍ എനിക്ക് തോന്നിയില്ല. എന്നു മാത്രമല്ല സരിത ചില ആളുകളെ രക്ഷിച്ചതല്ലാതെ ആരെയും ശിക്ഷിച്ചിട്ടില്ല. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണം. തെറ്റു ചെയ്തവന്‍ ശിക്ഷിക്കപ്പെടും. ഓരോ പകല്‍ മാന്യന്മാര്‍ ചെയ്തു കൂട്ടിയ വൃത്തികേടും ഒരു സ്ത്രീയെന്ന പരിഗണന കൊടുക്കാതെ ഒരു ഉപയോഗ വസ്തുവായി കണ്ടു. അതിനെതിരെ കേരള സമൂഹം മുഴുവന്‍ പ്രതികരിക്കുകയും നടപടിയുണ്ടാവുകയും ചെയ്തു.