അമ്പലം വിഴുങ്ങാന്‍ സര്‍ക്കാരില്ല; പക്ഷേ അമ്പലം വിഴുങ്ങികളെ നേരിടുന്നതില്‍ ഒട്ടും വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി

single-img
11 November 2017

ഗുരുവായൂരിലെ പാര്‍ത്ഥസാരഥിക്ഷേത്രം ഏതോ ദുരുദ്ദേശത്തോടെ, സ്വമേധയാ, തന്ത്രപരമായി സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന നിലയ്ക്കാണ് ചിലര്‍ പ്രചാരണം നടത്തുന്നതെന്നും എന്നാല്‍ കോടതി ഉത്തരവ് നടപ്പാക്കുന്നത് എങ്ങനെ ക്ഷേത്രം പിടിച്ചെടുക്കലാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ക്ഷേത്രം ഏറ്റെടുത്തത് സര്‍ക്കാരല്ല. ക്ഷേത്രപരിപാലന ചുമതലയുള്ള മലബാര്‍ ദേവസ്വംബോര്‍ഡാണ്. ആ ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്തതാകട്ടെ ക്ഷേത്രത്തെ അഴിമതി ചൂഴ്ന്ന സാഹചര്യത്തിലും കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലുമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

അമ്പലം വിഴുങ്ങാന്‍ സര്‍ക്കാരില്ല. അമ്പലം വിഴുങ്ങികളെ നേരിടുന്നതില്‍ സര്‍ക്കാരിന് വിട്ടുവീഴ്ചയുമില്ല. ദരിദ്രമായ ക്ഷേത്രങ്ങളും കേരളത്തിലുണ്ട്. അവയെ സംരക്ഷിക്കേണ്ടതുണ്ട്; സഹായിക്കേണ്ടതുണ്ട്. അതിന് എന്തു ചെയ്യാനാവുമെന്നതു സര്‍ക്കാര്‍ ആലോചിക്കും.

ഹൈക്കോടതി വിധിപ്രകാരമുള്ള നിയമനടപടികള്‍ മാത്രമേ മലബാര്‍ ദേവസ്വംബോര്‍ഡ് സ്വീകരിച്ചിട്ടുള്ളു. അതിനെ വര്‍ഗീയമായി വക്രീകരിക്കുന്നത് ദുരുദ്ദേശത്തോടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രം സര്‍വ്വതന്ത്ര സ്വതന്ത്രമായ ഒരു സംവിധാനത്തിന്‍ കീഴിലായിരുന്നു എന്നു പ്രചരിപ്പിക്കുന്നതിന് അടിസ്ഥാനമില്ല.

1951ലെ മദ്രാസ് ഹിന്ദു ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ആക്ടിന്റെ കീഴിലായിരുന്നു ഇതിന്റെ നടത്തിപ്പ്. നിയമത്തിനു കീഴിലായിരുന്നുവെങ്കിലും നടത്തിപ്പ് ചുമതല ഒരു പ്രത്യേക സമിതിക്കായിരുന്നു. ആ സമിതി നേരാംവിധമല്ല ക്ഷേത്രം നടത്തുന്നതെന്നും അഴിമതിയാണ് അവിടെ നടമാടുന്നതെന്നും പരാതിയുയര്‍ന്നു. അങ്ങനെ പരാതി വന്നാല്‍ എംഎച്ച്ആര്‍സിഇ നിയമത്തിലെ വകുപ്പ്, ക്ഷേത്രത്തെ പൊതുസ്ഥാപനമാക്കി പ്രഖ്യാപിക്കാന്‍ അധികാരം നല്‍കുന്നുണ്ടെന്നും പിണറായി പറഞ്ഞു.