പയ്യാവൂരില്‍ ഉറക്കത്തില്‍ തോര്‍ത്തു മുറുക്കി ഭര്‍ത്താവിനെ കൊലപ്പെടുത്തി: മരണം ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് ഭാര്യ: പോലീസ് അന്വേഷണത്തില്‍ കള്ളി പൊളിഞ്ഞു; കാമുകനും യുവതിയും പിടിയില്‍

single-img
11 November 2017

ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് കാമുകനോടൊപ്പം ജീവിക്കാന്‍ തടസം നിന്നതുകൊണ്ടാണെന്ന് പയ്യാവൂരില്‍ അറസ്റ്റിലായ ആനിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് പയ്യാവൂര്‍ പാറക്കടവിലെ തോണിപ്പാറയില്‍ ബാബു(52)വിനെ വീടിനുള്ളില്‍ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, പതിവായി വീട്ടില്‍ വഴക്ക് നടക്കാറുള്ളതായി നാട്ടുകാര്‍ അറിയിച്ചതോടെ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയായിരുന്നു.

തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ സംഭവം കൊലപാതകമാണെന്നു വ്യക്തമായി. ഉറക്കത്തില്‍ തോര്‍ത്തോ കയറോ ഉപയോഗിച്ചു കഴുത്തു മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നലെ രാവിലെ ശ്രീകണ്ഠപുരം സിഐക്ക് കൈമാറിയതോടെ ഭാര്യ ആനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആനിയെ ചോദ്യംചെയ്തതോടെ എല്ലാ രഹസ്യവും പുറത്തുവരികയും ചെയ്തു. മൂന്ന് ആണ്‍ മക്കളുടെ മാതാവാണ് ആനി. മൂന്നുപേരും ജോലിക്കും പഠനത്തിനുമായി വീടുവിട്ട് താമസിക്കുന്നതിനാല്‍ ബാബുവും ആനിയും വീട്ടില്‍ തനിച്ചായിരുന്നു. ഭര്‍ത്താവ് ബാബു ജോലിക്ക് പോയാല്‍ പലപ്പോഴും കാമുകന്‍ ജോബി വീട്ടില്‍ എത്താറുണ്ടെന്നും ആനി പറഞ്ഞു. ജോബിയുമായുള്ള ബന്ധം ബാബു അറിഞ്ഞതോടെ വഴക്കും പതിവായി.

ഇതേത്തുടര്‍ന്ന് ജോബി വീട്ടില്‍ വരാതായെങ്കിലും ബാബു വീട്ടില്‍ ഇല്ലാത്ത സമയങ്ങളില്‍ ജോബിക്കൊപ്പം ഓട്ടോയില്‍ യാത്ര പതിവായിരുന്നു. ജോബിയുമായുള്ള ബന്ധം പൂര്‍ണമായും ഒഴിവാക്കാന്‍ ബാബു ആവശ്യപ്പെട്ടെങ്കിലും ആനി തയ്യാറായില്ല.

ബാബുവിനെ കൊലപ്പെടുത്താന്‍ ഒരാഴ്ച മുമ്പാണ് ഇരുവരും ആസൂത്രണം നടത്തിയതെന്ന് ആനി പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച ഒമ്പതരയോടെ വീട്ടിലെത്തിയ ജോബി ഉറങ്ങിക്കിടക്കുകയായിരുന്ന ബാബുവിനെ തോര്‍ത്ത് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും ആനിയുടെ മൊഴിയില്‍ പറയുന്നു.