മോദി പ്രഭാവം മങ്ങിത്തുടങ്ങിയെന്ന് വിദേശ മാധ്യമങ്ങള്‍: ‘മോദി പ്രകടനം നിര്‍ത്തി ഭരിക്കാന്‍ അറിയാമെന്നു കാണിച്ചുകൊടുക്കണം’

single-img
11 November 2017

ന്യൂഡല്‍ഹി: മോദി പ്രഭാവം മങ്ങിത്തുടങ്ങിയെന്ന് ദി ഇക്കണോമിസ്റ്റ് വാരിക. നോട്ടുനിരോധനവും ചരക്ക്, സേവന നികുതിയും ഭരണം മറന്നുള്ള രാഷ്ട്രീയവും മോദിയുടെ പ്രഭാവം തകര്‍ത്തെന്നും ലണ്ടന്‍ ആസ്ഥാനമായ ഇംഗ്ലീഷ് വാരികയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എതിരാളികളില്ലാതെ വിജയച്ച മോദി ഏറെ പിന്നോക്കം പോയെന്നും വാരിക റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തകാലം വരെ 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ മോദിക്ക് വിജയം ഉറപ്പായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ബിജെപി ജയിക്കാന്‍ സാധ്യതയുണ്ടെങ്കിലും മോദിയുടെ തിളക്കം കുറയുകയാണെന്നും ഇതിനു മോദി സ്വയം പഴിച്ചാല്‍ മതിയെന്നും ലേഖനത്തില്‍ പറയുന്നു. സ്വന്തം പ്രതിച്ഛായയുടെ പ്രകടനപാതയില്‍ ഭരണം മറക്കുകയാണ് അദ്ദേഹം.

നോട്ടുനിരോധനം മൊത്തം ആഭ്യന്തര ഉല്‍പാദനം കാര്യമായി കുറയാന്‍ ഇടയാക്കി. വേണ്ടത്ര മുന്നൊരുക്കമില്ലാതെ ഏറ്റവും മോശം രീതിയില്‍ ചരക്ക്, സേവന നികുതി നടപ്പാക്കിയതു സ്ഥിതി കൂടുതല്‍ വഷളാക്കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നല്ല, ലളിത നികുതി’ എന്നു വിശേഷിപ്പിച്ചാണു മോദി ജിഎസ്ടി കൊണ്ടുവന്നത്. എന്നാല്‍, ഉപദേശകരുടെ നല്ല നിര്‍ദേശങ്ങള്‍ക്കു ചെവികൊടുക്കാതെ ആറു നികുതിനിരക്ക് ഏര്‍പ്പെടുത്തി ചെറുകിട വ്യവസായങ്ങളെ നശിപ്പിച്ചു.

ഒരുതരത്തിലുള്ള വിമര്‍ശനവും മോദിസര്‍ക്കാര്‍ സഹിക്കുന്നില്ല. എതിര്‍ക്കുന്നവര്‍ക്കെല്ലാം ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. മാധ്യമപ്രവര്‍ത്തനം ഭീതിയിലാണ്. ബിജെപിയിലെ രണ്ടാമന്‍ അമിത് ഷായുടെ മകന്റെ ബിസിനസ് സംബന്ധിച്ചു ചോദ്യമുന്നയിച്ചവരെ നിയമനടപടികളില്‍ കുരുക്കുന്നെന്നും ദി ഇക്കോണമിസ്റ്റ് പറയുന്നു.

മോദിയെ അനുകരിക്കുന്ന തമാശക്കാര്‍ക്ക് പോലും അവസരം നിഷേധിക്കുന്നു. ശരിയായ വിമര്‍ശനം അനുവദിക്കാത്തതിനാല്‍ മോദിയുടെ നയങ്ങളും നിര്‍ദേശങ്ങളും ഫലപൂര്‍ത്തിയിലെത്തുന്നില്ലെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.

വിജയം തുടരണമെങ്കില്‍ പ്രചാരണത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ, രാജ്യത്തെ നന്നായി ഭരിക്കാന്‍ അറിയാമെന്നു കാണിച്ചുകൊടുക്കുക. എന്നാല്‍ ഈ പ്രകടനമെല്ലാം വോട്ടര്‍മാര്‍ അധികം വൈകാതെ മറക്കുമെന്നും ലേഖനത്തില്‍ പറയുന്നു.