ജിഷാ കൊലക്കേസിലെ യഥാർത്ഥ പ്രതി പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബി ഏ ആളൂർ

single-img
11 November 2017

ഏറെ വിവാദമായ ജിഷാ കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രതിഭാഗം അഭിഭാഷകൻ രംഗത്ത്. കേസിലെ പ്രതിയായ ആസാം സ്വദേശി അമീറുൾ ഇസ്ലാമിന്റെ അഭിഭാഷകനാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ജിഷയെ കൊലപ്പെടുത്തിയ യഥാർത്ഥ പ്രതി പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടുവെന്നും അതിനുശേഷം കുറ്റകൃത്യം അമീറുൾ ഇസ്ലാമിന്റെ തലയിൽ കെട്ടിവെയ്ക്കുകയായിരുന്നു എന്നുമാണു ആളൂർ വെളിപ്പെടുത്തുന്നത്.

കേസിലെ പ്രതിയായ അമീറുൾ ഇസ്ലാം തന്റെ അഭിഭാഷകനായ ബി എ ആളൂർ വഴി നവംബർ എട്ടാം തീയതി എറണാകുളം ജില്ലാ കോടതിയിൽ സമർപ്പിച്ച മൊഴിയിലാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ.

ആലുവ പോലീസ് ക്ലബ്ബിൽ വെച്ച് എസ് പി ഉണ്ണി രാജയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ അനാറുൾ ഇസ്ലാം എന്നയാൾ കൊല്ലപ്പെട്ടുവെന്ന പ്രതിയുടെ വെളിപ്പെടുത്തൽ അടങ്ങിയ മൊഴിയുടെ പകർപ്പ് ഇ വാർത്തയ്ക്ക് ലഭിച്ചു.

2016 ജൂൺ 13-നു തന്നെ കാഞ്ചീപുരത്തുനിന്നും അറസ്റ്റ് ചെയ്ത ശേഷം ആലുവ പോലീസ് ക്ലബ്ബിൽ വെച്ചു ചോദ്യം ചെയ്തുവെന്നും അപ്പോൾ കസ്റ്റഡിയിൽ ഉണ്ടായിരുന്ന അനാറുൾ ഇസ്ലാം, ഹർദത്ത് ബറുവ എന്നിവരിൽ ഒരാൾ പോലീസിന്റെ ക്രൂരമായ മർദ്ദനം താങ്ങാനാകാതെ മരണമടഞ്ഞു എന്നുമാണു മൊഴിയിൽ പറയുന്നത്.

“എസ്.പി. ഉണ്ണിരാജയും, ഈ കേസിലെ 94-ആം സാക്ഷിയും ഏതോ ചില ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം എന്നിൽ നിന്നും രക്ത-സലൈവ സാമ്പിളുകൾ ശേഖരിക്കുകയും അതിനുശേഷം ആലുവ പോലീസ് ക്ലബ്ബിൽ കൊണ്ടുവന്ന് എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും എനിക്കറിയാത്ത കാര്യങ്ങൾ ചില സാക്ഷികൾ പറഞ്ഞുവെന്ന കാരണത്താൽ എന്നെയും എന്റെ ചില കൂട്ടുകാരെയും കസ്റ്റഡിയിലെടുത്തിട്ടുള്ളതും 11-ഉം, 13-ഉം സാക്ഷികളുടെ മുന്നിൽ വെച്ചും മറ്റു ചില സുഹൃത്തുക്കളുടെ മുന്നിൽ വെച്ചും, കസ്റ്റഡിയിൽ എടുത്ത അനാറുൾ ഇസ്ലാം, ഹർദത്ത് ബറുവ എന്നിവരെ ക്രൂരമായി മർദ്ദിക്കുന്നതിനിടയിൽ അതിലൊരാൾ മരണപ്പെടുകയും അതുപോലെ എന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മുതിർന്ന പോലീസുകാരുടെ സമ്മർദ്ദത്തിനു വഴങ്ങി എല്ലാം ഞാൻ സമ്മതിച്ചു കൊള്ളാമെന്നു പറഞ്ഞിട്ടുള്ളതാണ്.“ അമീറുൾ ഇസ്ലാം തന്റെ മൊഴിയിൽപ്പറയുന്നു. ഇതിൽപ്പറയുന്ന പതിനൊന്നാം സാക്ഷി പശ്ചിമബംഗാൾ സ്വദേശിയായ ഉജ്വൽ ആണു. പതിമൂന്നാം സാക്ഷി അനന്ദ് ഷേക്ക് എന്നയാളാണു.

അനാറുൾ ഇസ്ലാമും ഹർദത്ത് ബറുവയും തന്റെ കൂട്ടുകാർ ആയിരുന്നെന്നും ഇവർ രണ്ടുപേരും ചേർന്നാണു ജിഷയെ കൊലപ്പെടുത്തിയതെന്ന് അറിവുകിട്ടിയതിനെത്തുടർന്ന് ഭയന്നാണു താൻ നാടുവിട്ടതെന്നും അമീർ തന്റെ മൊഴിയിൽ പറയുന്നു.

“അനാറുൾ ഇസ്ലാമും ഹർദത്ത് ബർവയും 27.04.2016-ാം തീയതി സംഭവസ്ഥലത്ത് വിവരിക്കുന്ന വീട്ടിൽ വെച്ച് ഒരു പെൺകുട്ടിയെ കൊലപാതകം ചെയ്യുകയും ശരീരത്തിൽ ആകമാനം മുറിവുകൾ ഏൽപ്പിക്കുകയും ചെയ്തു എറിഞ്ഞതു കൊണ്ടും ടിയാർ എന്റെ കൂട്ടുകാർ ആയതുകൊണ്ടും പിറ്റേദിവസം ഉച്ചവരെ പണിക്കു പോയി നാട്ടിലേക്ക് പോകാൻ തീരുമാനിച്ചിട്ടുള്ളതും ആയതിനുശേഷം പിറ്റേദിവസം ഞാൻ പതിവുപോലെ ജോലിക്ക് പോയി. ആ സമയം മുതലാളി എന്നോട് വഴക്കടിക്കുകയും തിരികെ വീട്ടിൽ എത്തിയശേഷം സഹോദരനെ കണ്ട് 2,000/- രൂപ വാങ്ങി എന്റെ കൈയ്ക്ക് പരിക്കു പറ്റിയതിനാലും മേൽപ്പറഞ്ഞ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാലും ഞാൻ തിരികെ സ്വന്തം നാട്ടിലേക്ക് പോയിട്ടുള്ളതാണ്,” മൊഴിയിൽപ്പറയുന്നു.

ആസാമിൽ ജോലിയൊന്നും കണ്ടെത്താൻ കഴിയാതിരുന്നതിനെത്തുടർന്ന് ജോലിയന്വേഷിച്ചാണു താൻ കാഞ്ചീപുരത്തുള്ള സുഹൃത്തുക്കളുടെ അടുത്തെത്തിയതെന്നും അവിടെവെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അമീരുൾ വിശദീകരിക്കുന്നു.

ബി ഏ ആളൂർ

“ഞാൻ ആസ്സാമിൽ ചെന്നശേഷം മാതാപിതാക്കളെയും അതിനുശേഷം ഭാര്യയെയും കണ്ടിട്ടുള്ളതും എന്റെ നാട്ടിൽ ജോലിയില്ലാത്തതിനാൽ എന്റെ കൂട്ടുകാർ താമസിക്കുന്ന തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ കമ്പനികളിൽ ജോലി കിട്ടുമെന്ന കാരണത്താൽ 06.06.2016ന് അവിടേക്ക് പോകുകയും അവിടെ ജോലി ചെയ്തു വരികയുമായിരുന്നു. ആ സമയം 13.06.2016-ാം തീയതി ഡോംഗ് സോംഗ് കമ്പനിയുടെ മുന്നിലുള്ള റോഡിൽ വെച്ച് രാത്രി 8.30 മണിയോടെ പോലീസ് ബലമായി അടിച്ചും ഇടിച്ചും ജീപ്പിലേക്ക് തള്ളിയിട്ടും എനിക്ക് മറ്റൊരു സ്ഥലത്തേക്ക് ചലിക്കാനാകാതെ കൊലപാതകം ചെയ്തുവെന്ന കുറ്റമാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുത്ത് തൃശ്ശൂരിലേക്ക് കൊണ്ടു വരികയും ചെയ്തിട്ടുള്ളതാണ്,” അമീറിന്റെ മൊഴിയിൽപ്പറയുന്നു.

ജിഷയുടെ മരണസമയം കുറ്റപത്രത്തിൽ സൂചിപ്പിച്ചിരിക്കുന്നത് തെറ്റായിട്ടാണു എന്ന കാര്യം ആ കാലയളവിൽത്തന്നെ വിവാദമായിരുന്നു. പോസ്റ്റ് മോർട്ടം റീപ്പോർട്ടിൽ പറയുന്നത് പ്രകാരവും അമീറുൽ ഇസ്ലാമിന്റെ മൊഴിയിൽ പറയുന്നതു പ്രകാരവും ജിഷ കൊല്ലപ്പെട്ടിരിക്കുന്നത് 27-ആം തീയതിയാണു. അങ്ങനെയാണെങ്കിൽ ഈ കാര്യം ജിഷയുടെ അമ്മ ഒരു ദിവസം മുഴുവൻ മറച്ചുവെച്ചതെന്തിനു എന്നത് ദുരൂഹമാണെന്ന് അഡ്വക്കേട് ആളൂർ ആരോപിക്കുന്നു.

ഏപ്രില്‍ 28ന് വൈകുന്നേരം അഞ്ച് മണിക്കും 5.45നും ഇടയിലാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുമ്പോള്‍ പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ ഇത് തെറ്റെന്ന് തെളിയിക്കുന്നതായി മാധ്യമപ്രവര്‍ത്തക കെകെ ഷാഹിന ഓപ്പണ്‍ മാഗസിനില്‍ എഴുതിയ റിപ്പോര്‍ട്ടിൽ സൂചിപ്പിച്ചിരുന്നു.  റിഗർമോർട്ടിസ് അഥവാ വെറുങ്ങലിപ്പ് വിടുകയും ആന്തരികാവയവങ്ങൾ അഴുകാൻ തുടങ്ങുകയും ചെയ്തതതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽപ്പറഞ്ഞിരുന്നു. മുഖത്തിന്റെ ഒരു ഭാഗത്തും കഴുത്തിലും ‘മാർബിളിംഗ്’ ഉണ്ടായതായും റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു. മരണം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറിൽ കൂടുതൽ ആയിട്ടുണ്ട് എന്നതിന്റെ തെളിവുകളാണിവ. അതനുസരിച്ച് ജിഷ കൊല്ലപ്പെട്ടത് തലേന്ന് (27-ന്) അര്‍ദ്ധരാത്രിക്ക് ശേഷം അല്ലെങ്കില്‍ അന്ന് പുലര്‍ച്ചെയാണ്.

പോലീസിന്റെ കുറ്റപത്രത്തിലെ ഈ വൈരുദ്ധ്യമാണു പ്രതിഭാഗം പ്രധാനമായും ഉയർത്തിക്കാട്ടുന്നത്.

പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട അനാറുൾ ഇസ്ലാമിന്റെ മൃതദേഹം പോലീസ് ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നാണു ആ‍ളൂരിന്റെ നിഗമനം. ഈ കാലയളവിൽ ആലുവയ്ക്കടുത്ത് നിന്നും ഒരു അജ്ഞാത മൃതദേഹം കണ്ടെടുത്തതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ആളൂർ അവകാശപ്പെടുന്നു.

ജിഷാ വധക്കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ ഗുരുതരവും കേരളമനസാക്ഷിയെ ഞെട്ടിക്കുന്നതുമാണു. പ്രതിയായ അമീറൂൾ ഇസ്ലാമിന്റെയും അഡ്വക്കേറ്റ് ആളൂരിന്റെയും ആരോപണങ്ങൾ ശരിയാണെങ്കിൽ സർക്കാരിനേയും പോലീസിനേയും പ്രതിക്കൂട്ടിലാക്കുന്ന വഴിത്തിരിവുകളായിരിക്കും ഈ കേസിൽ ഉണ്ടാകുക.